മിസ്റ്റേക്കുകളുടെ ചാകര.. നാണക്കേട് ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കാം!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്.ബ്ലാസ്റ്റേഴ്സ് ചോദിച്ചു വാങ്ങിയ ഒരു തോൽവിയാണ് ഇതെന്ന് പറയേണ്ടിവരും. അത്രയേറെ മിസ്റ്റേക്കുകളാണ് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വരുത്തി വെച്ചിട്ടുള്ളത്.
3-5-2 ഫോർമേഷനിലായിരുന്നു പരിശീലകൻ താരങ്ങളെ ഇറക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആക്രമണം നടത്തിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിൽ നിന്നും ഡയസ് ഗോൾ നേടുകയായിരുന്നു. ഒരു വലിയ മിസ്റ്റേക്ക് തന്നെയാണ് ഈ ഗോളിന് വഴി വെച്ചിട്ടുള്ളത്.പിന്നീട് സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് നിരന്തരം പരിശ്രമിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപേ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു.
ആ പെനാൽറ്റി പിഴവുകൾ ഒന്നും കൂടാതെ ജീസസ് ഗോളാക്കി മാറ്റിയപ്പോൾ സ്റ്റേഡിയം ഒന്നടങ്കം പൊട്ടിത്തെറിച്ചു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആക്രമണങ്ങൾ നടത്തിയത്. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി ബംഗളൂരു വീണ്ടും ലീഡ് നേടി. ഇത്തവണ ഗോൾകീപ്പർ സോം കുമാറായിരുന്നു പിഴവ് വരുത്തിവെച്ചത്. അദ്ദേഹത്തിന്റെ കൈകളിൽ നിന്നും വഴുതിവീണ ബോൾ മെന്റസ് ഗോളാക്കി മാറ്റുകയായിരുന്നു.
പിന്നീട് ബ്ലാസ്റ്റേഴ്സ് സമനില ഗോളിന് വേണ്ടി ശ്രമിച്ചു. നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ ഗോളായി മാറിയില്ല. അവരുടെ ഗോൾകീപ്പറായ സന്ധുവിന്റെ മികച്ച ഫോമും കേരള ബ്ലാസ്റ്റേഴ്സിനെ തടസ്സമായി. അങ്ങനെ സമനില ഗോളിന് വേണ്ടി ശ്രമിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സിന് മൂന്നാമത്തെ ഗോളും വഴങ്ങേണ്ടിവന്നു.
പ്രതിരോധനിരയുടെ പിഴവിൽ നിന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഈ ഗോൾ വഴങ്ങിയത്. മൂന്ന് ഗോളുകളും സ്വയം ബ്ലാസ്റ്റേഴ്സ് എതിരാളികൾക്ക് ഒരുക്കി നൽകിയതാണ്. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തിയിട്ടും ഇത്രയും വലിയ ഒരു തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകരെ തീർത്തും നിരാശരാക്കിയിട്ടുണ്ട്.