ബ്ലാസ്റ്റേഴ്സിനെതിരെ ഭ്രാന്തിളകുന്നവൻ ഡയസ്, ആരാധകർക്ക് അമർഷം!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ബംഗളൂരു എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്ക് മുൻപിലാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് നാണക്കേട് വർധിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം വരുത്തിവെച്ച പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ തിരിച്ചടിയായിട്ടുള്ളത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ വഴങ്ങിയിരുന്നു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡയസാണ് ഗോൾ നേടിയത്.പ്രീതം കോട്ടാൽ വരുത്തിവെച്ച ഒരു വലിയ അബദ്ധത്തിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ ഗോൾ വഴങ്ങേണ്ടി വന്നത്. ശരിക്കും ഡയസിന് ബ്ലാസ്റ്റേഴ്സ് ഈ ഗോൾ ദാനം ചെയ്തു എന്ന് പറയേണ്ടിവരും.
ഗോൾ നേടിയതിന് ശേഷം വളരെ ഭ്രാന്തമായ രീതിയിലാണ് ഡയസ് ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ആഘോഷങ്ങൾ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകോപിപ്പിക്കുന്ന ഒന്നാണ്. തന്റെ മുൻ ക്ലബ്ബായ ബ്ലാസ്റ്റേഴ്സിനെതിരെ യാതൊരുവിധ ബഹുമാനവും ഡയസ് കാണിക്കാറില്ല. അത് മുമ്പും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ താരത്തോട് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ അമർഷമുണ്ട്.
പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനും ഗോളടിക്കാനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 8 ഗോളുകൾ നേടിയ താരമാണ് ഡയസ്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മാത്രം അദ്ദേഹം 5 ഗോളുകൾ നേടിയിട്ടുണ്ട്. മുംബൈ സിറ്റിയിലായിരുന്ന സമയത്തും ഡയസ് ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടൽ പതിവാക്കിയിരുന്നു.
ഏതായാലും ഡയസിന് മറുപടി നൽകാൻ കഴിയാത്തതിൽ ആരാധകർ വളരെയധികം നിരാശരാണ്. ഈ മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും തോൽവി ഏറ്റുവാങ്ങേണ്ടിവന്നു എന്നത് ആരാധകരുടെ നിരാശയുടെ ആഴം വർദ്ധിപ്പിക്കുന്ന കാര്യമാണ്.