ബ്ലാസ്റ്റേഴ്സ് ക്രോസുകൾ ഭീതി സൃഷ്ടിച്ചില്ല :തുറന്ന് പറഞ്ഞ് ബംഗളൂരു കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ കളിച്ച ഐഎസ്എൽ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. എന്നിട്ടും തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തി.
മത്സരത്തിൽ കൂടുതൽ അറ്റാക്കുകൾ ഉണ്ടായത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നു തന്നെയാണ്. രണ്ട് വശങ്ങളിൽ നിന്നും ഒരുപാട് ക്രോസുകൾ ബംഗളൂരു ബോക്സിലേക്ക് എത്തിയിരുന്നു.സന്ദീപിന്റെ ക്രോസുകൾ പലതും മോശമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ഒരുപാട് ക്രോസുകൾ വന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന് അതൊന്നും മുതലെടുക്കാനായില്ല എന്നത് മറ്റൊരു വസ്തുതയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രോസുകൾ ഭീതി സൃഷ്ടിച്ചില്ല എന്ന കാര്യം അവരുടെ പരിശീലകനായ ജെറാർഡ് സരഗോസ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോവാം.
‘ കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് ക്രോസുകൾ ചെയ്തിട്ടും അവർക്ക് എത്ര അവസരങ്ങൾ അതിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു? അതെല്ലാം പ്രതിരോധിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. ഞങ്ങളുടെ ഗോൾകീപ്പറും പ്രതിരോധനിരയും മികച്ച രീതിയിലാണ് അതിനെ കൈകാര്യം ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ ക്രോസുകൾ ഞങ്ങൾക്ക് ഭീതി സൃഷ്ടിച്ചില്ല ‘ ഇതാണ് ബംഗളൂരു പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബംഗളൂരുവിന്റെ ഗോള്‍മുഖത്ത് ഒരുപാട് തവണ ഭീതി സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അവരുടെ ഗോൾകീപ്പർ സന്ധുവിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങുതടിയായത്. ഏതായാലും കഴിഞ്ഞ മത്സരത്തിലെ ഫിനിഷിംഗിലെ അപാകതകൾ എല്ലാം പരിഹരിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട ഒരു ബ്ലാസ്റ്റേഴ്സിനെ അടുത്ത മത്സരത്തിൽ കാണാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.