കഴിഞ്ഞ സീസണിലെ പോലെയല്ല, ഞങ്ങൾ മെച്ചപ്പെട്ടു:കോട്ടാൽ
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ സമ്മിശ്രമായ ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്.6 മത്സരങ്ങൾ കളിച്ചു. രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ രണ്ട് തോൽവികളും ഏറ്റുവാങ്ങേണ്ടി വന്നു. ഏറ്റവുമൊടുവിൽ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു.
6 മത്സരങ്ങളിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചതെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പരിതാപകരമല്ല. പല മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. പക്ഷേ വ്യക്തികൾ വരുത്തിവെക്കുന്ന പിഴവുകളും നിർഭാഗ്യവും ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയാവുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ മത്സരത്തിൽ പ്രീതം കോട്ടാൽ,സോം കുമാർ എന്നിവരുടെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
എന്നാൽ ബ്ലാസ്റ്റേഴ്സ് പുരോഗതിയുടെ പാതയിൽ തന്നെയാണ് എന്ന കാര്യം പ്രതിരോധനിര താരമായ പ്രീതം കോട്ടാൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരുപാട് പുരോഗതി കൈവരിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.കോട്ടാൽ പറഞ്ഞത് നോക്കാം.
‘ പടിപടിയായി കൊണ്ട് പുരോഗതി കൈവരിക്കാൻ എപ്പോഴും ഞങ്ങളുടെ പരിശീലകൻ ഞങ്ങളോട് പറയാറുണ്ട്. ഞങ്ങൾ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.പാസിങ്ങിന്റെ കാര്യത്തിലും സ്കോറിംഗിന്റെ കാര്യത്തിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ചുനോക്കുമ്പോൾ ഞങ്ങൾ ഒരുപാട് മെച്ചപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഓരോ മത്സരം കൂടുന്തോറും ഞങ്ങൾ കൂടുതൽ പുരോഗതി കൈവരിക്കുന്നു. ഞങ്ങൾ ഇനിയും മെച്ചപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ‘ ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
സീസണിലെ ആദ്യത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ആരാധകരുടെ കൈയ്യടി നേടിയ താരമാണ് കോട്ടാൽ.എന്നാൽ കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്.പക്ഷേ ഈ താരം പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.