ഹീറോയായതിന് ശേഷം മണ്ടത്തരം,ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിയുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന് ഈ വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.പതിവ് പോലെ മണ്ടത്തരങ്ങളും പിഴവുകളും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായ ഒരു മത്സരമായിരുന്നു ഇത്.
പരിക്ക് കാരണം നോവ ഇന്നത്തെ മത്സരത്തിലും കളിച്ചിരുന്നില്ല.മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് മുംബൈ സിറ്റി തന്നെയാണ്.ചാങ്തെയുടെ അസിസ്റ്റിൽ നിന്ന് കരേലിസാണ് ഗോൾ നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറും പ്രതിരോധനിരയും അലസമായതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ആ ഗോൾ വഴങ്ങേണ്ടി വന്നത്.പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു ഗോൾ കൂടി ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു.പെപ്ര പെനാൽറ്റി ബോക്സിനകത്ത് വെച്ചുകൊണ്ട് ഹാൻഡ് ബോൾ വഴങ്ങി. തുടർന്ന് ലഭിച്ച പെനാൽറ്റി കരേലിസ് ഗോളാക്കി മാറ്റി.
എന്നാൽ നാല് മിനുട്ടിനു ശേഷം ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു.പെപ്രയെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.തുടർന്ന് ജീസസ് അത് ഗോളാക്കി മാറ്റി. അതിനുശേഷം 72ആം മിനിറ്റിൽ പെപ്ര ഹീറോയായി മാറുകയായിരുന്നു.ലൂണയുടെ ക്രോസിൽ നിന്ന് കിടിലൻ ഹെഡ്ഡറിലൂടെ പെപ്ര ഗോൾ നേടുകയായിരുന്നു.എന്നാൽ അതിനുശേഷം അദ്ദേഹം വലിയ ഒരു മണ്ടത്തരം ചെയ്തു.
ഗോൾ ആഘോഷത്തിന്റെ ഭാഗമായി പെപ്ര ജേഴ്‌സി ഊരിയത് റഫറിയുടെ ശ്രദ്ധയിൽപ്പെട്ടു.നേരത്തെ അദ്ദേഹം ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.ജേഴ്‌സി ഊരിയതിന് മറ്റൊരു യെല്ലോ കാർഡ് കൂടി ലഭിച്ചതോടെ അത് റെഡ് കാർഡായി മാറി.ഇതോടെ ബാക്കി സമയം ബ്ലാസ്റ്റേഴ്സ് 10 പേരുമായി കളിക്കുകയായിരുന്നു. അതിനുശേഷം രണ്ട് ഗോളുകൾ വഴങ്ങേണ്ടിവന്നു.നതാൻ ഒരു ഗോൾ നേടി. പിന്നീട് ചാങ്തെ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി.അങ്ങനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തോൽക്കുകയായിരുന്നു. പിഴവുകളും മണ്ടത്തരങ്ങളും തന്നെയാണ് ഈ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്. പരാജയപ്പെട്ടതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.