ഈ തോൽവി അർഹിച്ചത്,ആ പാഠം പഠിക്കൂ :ബ്ലാസ്റ്റേഴ്സിനോട് സ്റ്റാറേ
ഇന്നലത്തെ ഐഎസ്എൽ മത്സരത്തിലും പരാജയപ്പെടാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ മത്സരത്തിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നിരുന്നു. എന്നാൽ പെപ്ര റെഡ് കാർഡ് കണ്ട് പുറത്തുപോയത് അക്ഷരാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറുകയായിരുന്നു.
കഴിഞ്ഞ കുറെ മത്സരങ്ങളിലായി വ്യക്തിഗത പിഴവുകൾ ബ്ലാസ്റ്റേഴ്സ് വരുത്തി വെക്കുന്നുണ്ട്. ഇപ്പോഴും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് അർഹിച്ച തോൽവിയാണ് വഴങ്ങിയതെന്നും മുംബൈ അർഹിച്ച വിജയമാണ് നേടിയതെന്നും പരിശീലകനായ സ്റ്റാറേ പറഞ്ഞിട്ടുണ്ട്. നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം ബ്ലാസ്റ്റേഴ്സ് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘മുംബൈ സിറ്റി എഫ്സി അർഹിച്ച ഒരു വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്.ഞാൻ വളരെയധികം നിരാശനാണ്.ഞങ്ങൾ മത്സരത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമായിരുന്നു. നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ പഠിക്കേണ്ടതുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഫൗളുകളും യെല്ലോ കാർഡുകളും റെഡ് കാർഡുകളും വഴങ്ങാൻ പാടില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഐഎസ്എല്ലിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.കാരണം ഏഴ് മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു.ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമാണ്. വിജയങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ പ്ലേ ഓഫ് പോലും കാണാൻ കഴിഞ്ഞേക്കില്ല.