അത്ലറ്റിക്കോ മാഡ്രിഡ്,ജപ്പാൻ എന്നിവർക്കെതിരെ ഗോളടിച്ച താരം,ഇവൻ ചെറിയ മീനല്ല!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കൊച്ചിയിൽ വെച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. റഫറിയുടെ തെറ്റായ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ച പോലെയുള്ള ഒരു മികവ് മത്സരത്തിൽ കാണിച്ചിരുന്നുമില്ല.
ഈ മത്സരത്തിലെ ഏക പോസിറ്റീവ് യുവ പ്രതിഭയായ കോറോ സിങാണ്. കേവലം 17 വയസ്സ് മാത്രമുള്ള ഈ താരം സ്റ്റാർട്ട് ചെയ്തിരുന്നു. മത്സരത്തിൽ ജീസസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് കോറോ സിംഗ് തന്നെയായിരുന്നു. പിന്നീട് അദ്ദേഹത്തെ പരിശീലകൻ പിൻവലിച്ചു.അദ്ദേഹം ക്ഷീണിച്ചത് കൊണ്ടാണ് നേരത്തെ പിൻവലിച്ചത് എന്ന് സ്റ്റാറേ മത്സരശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒരു പിടി റെക്കോർഡുകൾ ഈയിടെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം എന്ന റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കി.ബ്ലാസ്റ്റേഴ്സിനായി സ്റ്റാർട്ട് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും കോറോ തന്റെ പേരിലേക്ക് മാറ്റി എഴുതിയിട്ടുണ്ട്
ഇതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ മുൻകാല കണക്കുകൾ കൂടി എടുത്തു പറയേണ്ടതുണ്ട്. നേരത്തെ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടർ 17 ടീമിനെതിരെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല അവർക്കെതിരെ ഗോളടിക്കാനും കോറോ സിങ്ങിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അണ്ടർ 17 ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനോടൊപ്പം ഈ താരം കളിച്ചിട്ടുണ്ട്. കരുത്തരായ ജപ്പാനെതിരെ കോറോ സിംഗ് ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ പതിനേഴാം വയസ്സിൽ തന്നെ ഒരു പിടി മനോഹരമായ മുഹൂർത്തങ്ങൾ സ്വന്തമാക്കാൻ കോറോ സിംഗിന് കഴിഞ്ഞിട്ടുണ്ട്. വലിയ ഭാവി താരത്തിൽ പലരും കാണുന്നുണ്ട്.ബ്ലാസ്റ്റേഴ്സ് താരത്തെ കൃത്യമായി ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.