സ്റ്റാറേയുടെ തൊപ്പി തെറിക്കുമോ? ഇനി നിർണായകം!
കേരള ബ്ലാസ്റ്റേഴ്സിന് മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.8 മത്സരങ്ങൾ കളിച്ചിട്ട് കേവലം 2 മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. 8 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.ഹാട്രിക്ക് തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൊച്ചിയിൽ പോലും പരാജയപ്പെടുന്നു എന്നത് ആരാധകരെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നുണ്ട്.
വലിയ മാറ്റങ്ങളോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ സീസണിൽ എത്തിയത്. മുഖ്യ പരിശീലകനായി കൊണ്ട് സ്റ്റാറേ എത്തി.അദ്ദേഹത്തിന് കീഴിൽ വേറെയും സഹപരിശീലകർ എത്തി. വിദേശ താരങ്ങളിൽ പലരും പുതിയ താരങ്ങളായിരുന്നു.പക്ഷേ അതൊന്നും ഇതുവരെ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തിട്ടില്ല.പരിതാപകരമായ പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. എന്നാൽ ഏറെ കാലം ക്ലബ്ബിന് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്റ്റാറേക്ക് ഇനിയുള്ള കുറച്ച് മത്സരങ്ങൾ വളരെ നിർണായകമാണ്. ഈ മാസത്തിന്റെ അവസാനത്തിൽ രണ്ട് ഹോം മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്.ചെന്നൈയിൻ എഫ്സി,ഗോവ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ രണ്ടു മത്സരങ്ങളിൽ അനുകൂലമായ റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ സ്റ്റാറേയുടെ ഭാവി തുലാസിലാകും.
ഡിസംബർ മാസമാണ് ഈ പരിശീലകനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകം. മോഹൻ ബഗാൻ ഉൾപ്പെടെയുള്ള എതിരാളികളെ ഡിസംബറിൽ നേരിടേണ്ടി വരുന്നുണ്ട്. ഡിസംബർ മാസത്തിലെ മത്സരങ്ങളിലും അനുകൂലമായ റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ സ്റ്റാറേയെ പുറത്താക്കിയേക്കും എന്നാണ് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. അതായത് ഈ മോശം പ്രകടനം ഇനി തുടരാൻ കഴിയില്ല. കാര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലെങ്കിൽ ക്ലബ്ബ് മാനേജ്മെന്റ് ഈ പരിശീലകനെ അധികം വെച്ച് പൊറുപ്പിക്കില്ല എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ.