ബർത്ത് ഡേ പോസ്റ്റിൽ കരോലിസിന് അധിക്ഷേപം, നിലവാരം കാണിക്കൂ എന്ന് ഫാൻസ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് കഴിഞ്ഞ കുറച്ച് വർഷമായി ക്ലബ്ബിനോടൊപ്പമുണ്ട്. മാത്രമല്ല ഒരുപാട് കാലത്തേക്ക് അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുമുണ്ട്. കൃത്യമായി പറഞ്ഞാൽ 2028 വരെ അദ്ദേഹം ഉണ്ടാകും. സമീപകാലത്ത് ബ്ലാസ്റ്റേഴ്സിലേക്ക് ഒരുപിടി നല്ല താരങ്ങളെ കൊണ്ടുവന്നത് സ്കിൻകിസ് തന്നെയാണ്.
പക്ഷേ ഈ സീസണിൽ മോശം പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.8 മത്സരങ്ങൾ കളിച്ചിട്ട് രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാത്തതിലും മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റു ഒഴിവാക്കിയതിലുമാണ് സ്കിൻകിസിനും ക്ലബ്ബ് മാനേജ്മെന്റിനും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഒരു ബർത്ത് ഡേ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ചില ബ്ലാസ്റ്റേഴ്സ് അവിടെ അതിരുവിട്ട് പെരുമാറുകയാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നതിന് പകരം അദ്ദേഹത്തെ അധിക്ഷേപിക്കുകയും രൂക്ഷമായ വിമർശിക്കുകയുമാണ് ചെയ്തിട്ടുള്ളത്.ചിലർ തെറിവിളികൾ പോലും നടത്തിയിട്ടുണ്ട്.
എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരിലെ വലിയൊരു വിഭാഗം ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഒരല്പമെങ്കിലും നിലവാരം നമ്മുടെ ആരാധകർ കാണിക്കേണ്ടതുണ്ട് എന്നാണ് ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ബർത്ത് ഡേ പോസ്റ്റിൽ പോയി അധിക്ഷേപിക്കുന്നതും തെറി വിളിക്കുന്നതുമൊക്കെ വളരെ മോശമായ ഒരു പ്രവർത്തിയാണ് എന്നാണ് അവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെ ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ തിരുത്തുന്നു എന്നത് പോസിറ്റീവായ കാര്യമാണ്.