തിരിച്ചു വന്നെടാ ബ്ലാസ്റ്റേഴ്സ്,ചെന്നൈയെ തകർത്ത് തരിപ്പണമാക്കി!
ഒടുവിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടിയാണ് ഇത്തവണ തിരിച്ചുവന്നിരിക്കുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരിക്കുന്നത്.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മാസ്മരിക പ്രകടനം പുറത്തെടുത്തത്. ഒരിക്കൽ കൂടി സൂപ്പർ താരം നോവ സദോയിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോയായി മാറിയത്.
മത്സരത്തിൽ നോവയും ജീസസും ലൂണയും മിലോസും സച്ചിനും ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. അതേസമയം കോയെഫ്,സോം കുമാർ എന്നിവരൊക്കെ പുറത്തിരിക്കുകയായിരുന്നു. ആദ്യപകുതിയിൽ ഗോൾ രഹിത സമനിലയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ എണ്ണം പറഞ്ഞ മൂന്ന് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ വലയിൽ അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ 56ആം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്.ജീസസ് ഒരിക്കൽ കൂടി ഗോൾ കണ്ടെത്തുകയായിരുന്നു. 17 കാരനായ യുവ സൂപ്പർ താരം കോറോ സിംഗ് നൽകിയ അസിസ്റ്റിൽ നിന്നും ഒരു കിടിലൻ ഫിനിഷിംഗിലൂടെയാണ് ജീസസ് ഗോൾ സ്വന്തമാക്കിയത്. അതിനുശേഷം എഴുപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നോവ നേടുകയായിരുന്നു.ലൂണയുടെ നീക്കി നൽകിയ ബോൾ ഒരു പിഴവും കൂടാതെ നോവ ഗോളാക്കി മാറ്റി. പിന്നീട് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ രാഹുൽ കെപി കൂടി ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. എന്നാൽ ഈ ഗോളിന്റെ ക്രെഡിറ്റ് നൽകേണ്ടത് നോവക്കാണ്.അദ്ദേഹത്തിന്റെ അധ്വാനഫലമായി കൊണ്ടാണ് ഈ ഗോൾ പിറന്നത്. രാഹുലിന് ഫിനിഷ് ചെയ്യേണ്ട ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ക്ലീൻ ഷീറ്റ് നേടി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്നത്.നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. 9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.