സച്ചിന്റെ പിഴവും ഗോവയുടെ ഡിഫൻസും,ബ്ലാസ്റ്റേഴ്സ് വീണ്ടും നാണം കെട്ടു!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പത്താം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന അഞ്ചാമത്തെ തോൽവിയാണ് ഇത്.
കഴിഞ്ഞ മത്സരത്തിലെ വിന്നിങ് ഇലവനിൽ നിന്നും രണ്ടു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ വരുത്തിയത്. യുവ താരം കോറോ സിങ്ങിനെ അദ്ദേഹം പുറത്തിരുത്തുകയായിരുന്നു.പകരം രാഹുൽ കെപി തിരിച്ചെത്തി. അതുപോലെ സന്ദീപിനെ പുറത്തിരുത്തി ഹോർമിയെ അദ്ദേഹം കൊണ്ടുവരികയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോവ കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയായിരുന്നു.
മത്സരത്തിന്റെ നാല്പതാം മിനിട്ടിലാണ് ഗോവയുടെ വിജയഗോൾ പിറന്നത്.ബോറിസിന്റെ ഷോട്ട് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിൽ തട്ടി ഗോൾ പോസ്റ്റിലേക്ക് കയറുകയായിരുന്നു. ആ ബോൾ പിടിക്കാനോ സേവ് ചെയ്യാനോ സച്ചിന് കഴിഞ്ഞില്ല എന്നത് ഒരു വലിയ പിഴവ് തന്നെയാണ്. ഒരു കാരണവശാലും ഗോൾ വഴങ്ങാൻ പാടില്ലാത്ത ഒരു സാഹചര്യമായിരുന്നു അത്.
പിന്നീട് രണ്ടാം പകുതിയിൽ ആ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ പരമാവധി നടത്തി.എന്നാൽ അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു.ഗോവയുടെ ഡിഫൻസിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. സന്ദേശ് ജിങ്കൻ ഉൾപ്പെടെയുള്ളവർ ഗംഭീര പ്രകടനമാണ് ഡിഫൻസിൽ നടത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ സന്ദീപിന് ഒരു അവസരം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അത് പാഴാക്കുകയായിരുന്നു.
കൊച്ചിയിലെ സ്വന്തം മൈതാനത്ത് വച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് തീർച്ചയായും നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്.കൊച്ചിയിൽ പോലും ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ വിജയിക്കാൻ കഴിയുന്നില്ല.നിലവിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.