തോമസിനെ സ്ഥിരപ്പെടുത്തണമെന്ന് ആരാധകർ, ആഘോഷിക്കാൻ വരട്ടെയെന്ന് മറ്റൊരു വിഭാഗം!
കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. തുടർ തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ എത്തിയത്.മികയേൽ സ്റ്റാറേയെ പുറത്താക്കിയത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത് തോമസ് തോർസായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തോടൊപ്പം ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനായ TG പുരുഷോത്തമനും ഉണ്ടായിരുന്നു.
മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത് കൊണ്ട് തന്നെ തോമസിന് വലിയ പ്രശംസകൾ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിശീലന മികവിന് ആയിരുന്നു പ്രശംസകൾ ലഭിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് നന്നായി അറിയുന്ന പരിശീലകനാണ് തോമസ്. 2020 മുതൽ അദ്ദേഹം ടീമിന്റെ ഭാഗമാണ്. പ്രത്യേകിച്ച് യുവ താരങ്ങളെ നന്നായി ഇദ്ദേഹത്തിന് അറിയാം. അതുകൊണ്ടുതന്നെ ഈ ആറു മാസകാലത്തേക്ക് അദ്ദേഹത്തെ സ്ഥിരമായി പരിശീലകൻ ആക്കണമെന്ന് ആവശ്യപ്പെടുന്നവർ ഏറെയാണ്.
നിലവിൽ നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നും അതുകൊണ്ടുതന്നെ തോമസിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട് എന്നുമാണ് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെ എതിർക്കുന്നവരെയും നമുക്ക് സജീവമായി കാണാം. തോമസിന് ഇത്രയധികം ഹൈപ്പ് നൽകേണ്ടതില്ല എന്നാണ് ചിലർ പറയുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയം കൊണ്ട് മാത്രം ഒന്നും വിലയിരുത്താൻ സാധിക്കില്ല. കാരണം ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.സ്റ്റാറേക്ക് കീഴിൽ കളിച്ചിരുന്നുവെങ്കിലും ഇതേ റിസൾട്ട് തന്നെയായിരിക്കും ലഭിക്കുക. അതുകൊണ്ടുതന്നെ ഈ മത്സരം വെച്ചുകൊണ്ട് തോമസിനെ സ്ഥിരമാക്കണമെന്ന് പറയുന്നതിൽ കഴമ്പില്ല.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം ജംഷെഡ്പൂരിനെതിരെയാണ് കളിക്കുക. തോമസിന് മുന്നിലുള്ള യഥാർത്ഥ പരീക്ഷണം അതാണ്.ആ മത്സരം അദ്ദേഹം എങ്ങനെ അതിജീവിക്കുന്നു എന്നുള്ളത് നോക്കി കാണേണ്ടതാണ് എന്നൊക്കെയാണ് ഒരുകൂട്ടം ആരാധകർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഏതായാലും പരിശീലകന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ല. ക്ലബ്ബിന് അനുയോജ്യമായ ഒരു മികച്ച പരിശീലകനെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.