എന്താണ് ഒരു വ്യക്തതയില്ലാത്തത്? ഇഷാന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷകളോടുകൂടി കൊണ്ടുവന്ന ഇന്ത്യൻ സ്ട്രൈക്കറാണ് ഇഷാൻ പണ്ഡിറ്റ. ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ക്ലബ്ബിലേക്ക് വന്നത്.ഇന്റർ കാശി ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം നിരസിച്ചു കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. പക്ഷേ കാര്യങ്ങൾ നല്ല രൂപത്തിൽ അല്ല പുരോഗമിച്ചത്.
കഴിഞ്ഞ സീസണിൽ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ താരത്തിന് സാധിച്ചതുമില്ല. ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല. ടീമിനോടൊപ്പം ട്രെയിനിങ് നടത്താൻ പോലും അദ്ദേഹത്തിന് അവസരം ലഭിക്കുന്നില്ല. താരത്തിന്റെ കാര്യത്തിൽ മൊത്തത്തിൽ ഒരു പുകമറയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ പോലും അദ്ദേഹം ഉണ്ടാവാറില്ല. അദ്ദേഹത്തിന് പരിക്കാണ് എന്ന റൂമറുകൾ ഉണ്ടെങ്കിലും ഒരു വ്യക്തതകളും ബ്ലാസ്റ്റേഴ്സ് നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഏത് തരത്തിലുള്ള പരിക്കാണ് ഇഷാനെ പിടികൂടിയിട്ടുള്ളത്? എത്രകാലം പുറത്തിരിക്കേണ്ടിവരും? എന്ന് തിരിച്ചു വരും എന്ന കാര്യത്തിൽ ഒന്നും കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ വ്യക്തതകൾ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ആരാധകർ ഉന്നയിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ കാണാൻ കഴിയുന്നത്. താരത്തിന്റെ കാര്യത്തിൽ ഒരു വ്യക്തത വരുത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
ഇഷാൻ ഹെർണിയ സർജറിക്ക് വിധേയനായെന്നും അതിൽ നിന്നും പൂർണ്ണമായും മുക്തനായിട്ടില്ല എന്നതാണ് പല റൂമറുകളും ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും നടത്താത്തതാണ് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യം. ഏതായാലും എത്രയും പെട്ടെന്ന് അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.