അർജന്റൈൻ താരത്തോട് സാവിക്ക് ഒടുക്കത്തെ ഇഷ്ടം,ബാഴ്സയിലേക്കെത്താനും സാധ്യതകൾ.
ഇത്തവണത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ അർജന്റൈൻ താരങ്ങളും നല്ല രൂപത്തിൽ ചർച്ചയാവുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിലെ പല താരങ്ങളും കൂടു മാറിക്കഴിഞ്ഞു. ലിയോ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടിയാണ് ഇനി കളിക്കുക.മാക്ക് ആല്ലിസ്റ്റർ ലിവർപൂളിൽ എത്തിക്കഴിഞ്ഞു. ഡി മരിയ ബെൻഫിക്കയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. അങ്ങനെ ഒരുപാട് ട്രാൻസ്ഫർ വാർത്തകളിൽ അർജന്റീന താരങ്ങൾ നിറഞ്ഞ നിൽക്കുകയാണ്.
ഏറ്റവും നിർഭാഗ്യവാനായ ഒരു അർജന്റീന താരമാണ് ജിയോവാനി ലോ സെൽസോ.ഖത്തർ വേൾഡ് കപ്പിന് മുന്നേ അദ്ദേഹത്തിന് പരിക്കേൽക്കുകയും വേൾഡ് കപ്പ് നഷ്ടമാവുകയും ചെയ്തു.വേൾഡ് കപ്പ് നേടിയ അർജന്റീന ടീമിന്റെ ഭാഗമാവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ താരമാണ് ലോ സെൽസോ. പക്ഷേ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിൽ ലോണിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
ബാഴ്സലോണയുടെ കോച്ചായ സാവിക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് ലോ സെൽസോ.ഇത്തരത്തിലുള്ള റിപ്പോർട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴും ലോ സെൽസോയെ ബാഴ്സലോണയിലേക്ക് എത്തിക്കാൻ കോച്ചിന് താൽപര്യമുണ്ട്. മിഡ്‌ഫീൽഡിലെ ലോ സെൽസോയുടെ പ്രകടനത്തിൽ സാവി വളരെയധികം ഇമ്പ്രസീവാണ്.ലെവന്റോസ്ക്കിയിലേക്ക് കൃത്യമായി ബോൾ എത്തിക്കുക എന്ന ചുമതല ഭംഗിയായി നിർവഹിക്കാൻ ഈ അർജന്റീന താരത്തിന് സാധിക്കും എന്നാണ് സാവി അടിയുറച്ച് വിശ്വസിക്കുന്നത്.
ഒരുപാട് കാലമായി ബാഴ്സ നോട്ടമിടുന്ന താരമാണ് ലോ സെൽസോ.അർജന്റീനക്ക് വേണ്ടിയുള്ള അവസാന മത്സരത്തിലും കുറച്ച് സമയം ഈ താരം കളിച്ചിരുന്നു. ഒരൊറ്റ മിസ് പാസ് പോലുമില്ലാതെ എല്ലാ പാസുകളും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ബാഴ്സ ഈ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്.