ചെറിയ കുട്ടികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട വിഷയമാണ് മെസ്സി, അതുകൊണ്ട് സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് മിലിറ്റോ.
അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സിയെ GOAT ആയിക്കൊണ്ടാണ് പലരും പരിഗണിക്കുന്നത്. കാരണം അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും മെസ്സി സാധ്യമാക്കിയിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം നേടിയതോടെ മെസ്സി പൂർണ്ണത പ്രാപിച്ചു എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഇനി ഒന്നും തെളിയിക്കാനില്ലാത്തതുകൊണ്ടാണ് മെസ്സി അമേരിക്ക തിരഞ്ഞെടുത്തതെന്നും ആരാധകർ വിശ്വസിക്കുന്നു.
മെസ്സിയുടെ ജീവിതം ശരിക്കും ഒരു ഇൻസ്പിരേഷനാണ്. ഒരുപാട് ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തതിനുശേഷമാണ് മെസ്സിക്ക് അർജന്റീനക്കൊപ്പം ഒരു ഇന്റർനാഷണൽ കിരീടവും വേൾഡ് കപ്പ് കിരീടവും ലഭിച്ചത്. ശ്രമം ഉപേക്ഷിക്കാതെ നിരന്തരം പരിശ്രമിച്ചു എന്നത് തന്നെയാണ് മെസ്സിയുടെ ജീവിതം നൽകുന്ന ഏറ്റവും വലിയ പാഠം. അതുകൊണ്ടുതന്നെ മെസ്സിയുടെ ജീവിതം സ്കൂളുകളിൽ പഠിപ്പിക്കണമെന്നാണ് മുൻ അർജന്റീന താരമായ ഗബ്രിയേൽ മിലിറ്റോ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രൈമറി സ്കൂളുകളിൽ ഒരു വിഷയം വേണം.ആ വിഷയത്തിന്റെ പേര് ലയണൽ മെസ്സി എന്നായിരിക്കണം.10 വയസ്സുള്ള കുട്ടികൾ എന്തായാലും പഠിക്കേണ്ട ഒന്നാണ് ലയണൽ മെസ്സിയുടെ ജീവിതം.അർജന്റീന നാഷണൽ ടീമിനോടൊപ്പം വേൾഡ് കപ്പ് നേടുക എന്നതായിരുന്നു മെസ്സിയുടെ ഏറ്റവും വലിയ ആഗ്രഹം.ആഗ്രഹം നേടാൻ വേണ്ടി മെസ്സി ബുദ്ധിമുട്ടിയതൊക്കെ എല്ലാവരും പഠിക്കണം, ഗബ്രിയേൽ മിലിറ്റോ പറഞ്ഞു.
തുടർച്ചയായ മൂന്ന് ഫൈനലുകളിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് അർജന്റീന ടീമിൽ നിന്നും മെസ്സി ഒരുകാലത്ത് വിരമിച്ചിരുന്നു. പക്ഷേ പിന്നീട് തിരിച്ചുവന്നു കൊണ്ട് മെസ്സി വീണ്ടും പരിശ്രമങ്ങൾ തുടർന്നു. ഒടുവിൽ ആ പരിശ്രമങ്ങൾ വിജയം കാണുകയും അർജന്റീന നാഷണൽ ടീമിനോടൊപ്പം നേടാൻ സാധിക്കുന്നതെല്ലാം മെസ്സി നേടുകയും ചെയ്തു.