കാസമിറോയുടെ അങ്കം ഇനി സൗദിയിലോ? ഇടനിലക്കാരനാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഒരുപാട് മികച്ച താരങ്ങൾ ഇപ്പോൾ സൗദി അറേബ്യൻ ഫുട്ബോളിന്റെ ഭാഗമാണ്. നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയതിലൂടെ സൗദിക്ക് ലോക ഫുട്ബോളിന്റെ വലിയ ശ്രദ്ധ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു അവരിതിന് തുടക്കം കുറിച്ചത്. അത് നെയ്മർ ജൂനിയറിൽ വരെ എത്തി നിൽക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം 2034 വേൾഡ് കപ്പ് സൗദി അറേബ്യയിലാണ് നടക്കുന്നത് എന്നതാണ്. അതിനാൽ തന്നെ ഫുട്ബോളും ടൂറിസവും വളരെയധികം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സൗദി നടത്തുന്നത്.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഈ ഇൻവെസ്റ്റ്മെന്റ് ഒക്കെ നടന്നിട്ടുള്ളത്. ഭാവിയിൽ ലോക ഫുട്ബോളിലെ ഒരുപാട് മികച്ച താരങ്ങൾ സൗദിയിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കൂടുതൽ സുപ്രധാരങ്ങൾ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ അവർ തുടർന്നു കൊണ്ടേയിരിക്കുകയാണ്.
അടുത്തതായുള്ള അവരുടെ ശ്രമം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ്.സൗദി അറേബ്യയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ക്ലബ്ബുകൾക്ക് ഈ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതിൽ ഒരു ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റാണ്.മറ്റൊരു ക്ലബ്ബ് ഏതാണ് എന്നത് അവ്യക്തമാണ്.
മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവിടെ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കും എന്ന സൂചനകളും പുറത്തേക്ക് വന്നിട്ടുണ്ട്.വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ എത്തിക്കാനാണ് ഈ ക്ലബ്ബുകൾ ആഗ്രഹിക്കുന്നത്. ഒരുപക്ഷേ കാസമിറോയുമായി ഇക്കാര്യം സംസാരിക്കാനും കൺവിൻസ് ചെയ്യിക്കാനും റൊണാൾഡോ ശ്രമിച്ചേക്കാം. നേരത്തെ റയൽ മാഡ്രിഡിൽ ഒരുപാട് കാലം ഒരുമിച്ച് കളിച്ച രണ്ട് താരങ്ങളാണ് റൊണാൾഡോയും കാസമിറോയും.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം തന്റെ പഴയ മികവ് തുടരാൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല. സമീപകാലത്ത് മോശം പ്രകടനമായിരുന്നു ഈ ഡിഫൻസീവ് മിഡ്ഫീൽഡറിൽ നിന്നും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു.കാസമിറോയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇക്കാര്യത്തിലെ നിലപാട് എന്താവും എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിരവധി സൂപ്പർതാരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അൽ നസ്ർ നടത്തിയേക്കും.