പപ്പു ഗോമസിന്റെ ഉത്തേജക വിവാദം,അർജന്റീനയുടെ നിലപാട് എന്താണെന്ന് തുറന്ന് പറഞ്ഞ് സ്കലോണി.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിലൊരു സാന്നിധ്യമായി മാറാൻ കഴിഞ്ഞ താരമാണ് പപ്പു ഗോമസ്.ഒരുപാട് കാലം അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ വേൾഡ് കപ്പിന് ശേഷം ടീമിനകത്ത് തന്നെ ചില പ്രശ്നങ്ങൾക്ക് പപ്പു ഗോമസ് കാരണമായിരുന്നു. കൂടോത്ര വിവാദമാണ് നടന്നത് എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. മാത്രമല്ല വേൾഡ് കപ്പിന് ശേഷം അദ്ദേഹത്തിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.
അതിന് പിന്നാലെ മറ്റൊരു തിരിച്ചടി അദ്ദേഹത്തിന് ഏറ്റിരുന്നു. അദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കൊണ്ട് കണ്ടെത്തുകയും ഫുട്ബോളിൽ നിന്നും രണ്ടു വർഷത്തേക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനുള്ള വിശദീകരണമൊക്കെ പപ്പു ഗോമസ് നൽകിയിരുന്നു. വിലക്ക് ലഭിച്ചതോടെ അദ്ദേഹം വിരമിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചിട്ടില്ല. ഇനി അർജന്റീന നാഷണൽ ടീമിലേക്ക് ഒരു തിരിച്ചുവരവ് എന്നത് ഈ താരത്തെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു കാര്യം തന്നെയാണ്.
പപ്പു ഗോമസിന്റെ വിവാദങ്ങളെ പറ്റി അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു. അർജന്റീനയുടെയും തന്റെയും നിലപാട് എന്തെന്ന് ഈ കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. അർജന്റീന ഈ ബുദ്ധിമുട്ടേറിയ സമയത്തും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.പപ്പുവുമായി സംസാരിച്ചുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഞാൻ പപ്പു ഗോമസുമായി സംസാരിച്ചിരുന്നു. എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹത്തിന്റെ പരിശീലകൻ ആവുന്നതിനു മുന്നേ തന്നെ ഞാൻ അറ്റലാന്റയിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്നു. ഇതെല്ലാം പരിഹരിക്കാൻ കഴിയും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് സംഭവിച്ച കാര്യത്തിൽ അദ്ദേഹം തന്നെ വളരെയധികം അസ്വസ്ഥനാണ്. ഞങ്ങൾ ഞങ്ങളുടെ എല്ലാ പിന്തുണയും അദ്ദേഹത്തിന് നൽകുന്നുണ്ട്.അദ്ദേഹം ഞങ്ങൾക്ക് ചെയ്തു തന്ന കാര്യങ്ങൾക്കെല്ലാം ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും,അർജന്റീന കോച്ച് പറഞ്ഞു.
ഉത്തേജക മരുന്ന് വിവാദത്തിൽ തന്റെ ഭാഗം പപ്പു ഗോമസ് വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ ചുമക്കുള്ള മരുന്നായിരുന്നു താൻ കഴിച്ചിരുന്നതെന്നും അതിൽ ഇത്തരത്തിലുള്ള ഉത്തേജകമായ ഇൻഗ്രീഡിയൻസ് അടങ്ങിയിട്ടുണ്ട് എന്നത് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ഗോമസ് പറഞ്ഞിട്ടുള്ളത്.ഏതായാലും ഈ വിലക്ക് അദ്ദേഹത്തിന് വലിയ ക്ഷീണം ചെയ്യുന്ന കാര്യമാണ്.