ജർമ്മനി വീണ്ടും തോറ്റു,കണ്ണീച്ചോരയില്ലാത്ത വിജയവുമായി ഫ്രാൻസ്,എതിരാളികളെ തോൽപ്പിച്ചത് 14 ഗോളുകൾക്ക്.
യൂറോപ്യൻ കരുത്തരായ ജർമ്മനിക്ക് തോൽവി എന്നത് ഇപ്പോൾ ഒരു പുതിയ വിഷയമല്ല. സമീപകാലത്ത് നിരവധി തോൽവികൾ അവർ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു പരിശീലകനായ ഫ്ലിക്കിന് തന്റെ സ്ഥാനം നഷ്ടമായിരുന്നത്.പക്ഷേ ഇപ്പോഴും ജർമ്മനി പുരോഗതി പ്രാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തുർക്കിയോട് ജർമ്മനി പരാജയപ്പെട്ടിട്ടുണ്ട്.
രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്കി ജർമ്മനിയെ തോൽപ്പിച്ചിട്ടുള്ളത്. തുടക്കത്തിൽ തന്നെ ഹാവർട്സ് ജർമ്മനിക്ക് ലീഡ് നൽകിയെങ്കിലും പിന്നീട് തുർക്കി അതിശക്തമായി തിരിച്ചുവരികയായിരുന്നു. സൗഹൃദ മത്സരമായിരുന്നു ജർമ്മനി കളിച്ചിരുന്നത്. ഇനി വരുന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ ഓസ്ട്രിയയാണ് ജർമ്മനിയുടെ എതിരാളികൾ. സ്വന്തം നാട്ടിൽ വച്ച് നടക്കുന്നതായതിനാൽ യൂറോകപ്പിന് നേരത്തെ തന്നെ ജർമ്മനി യോഗ്യത നേടിയിരുന്നു.
എന്നാൽ കണ്ണീച്ചോരയില്ലാത്ത ഒരു വിജയം ഇന്നലെ കരുത്തരായ ഫ്രാൻസ് നേടിയിട്ടുണ്ട്. എതിരില്ലാത്ത 14 ഗോളുകൾക്കാണ് ഫ്രാൻസ് ജിബ്രാൾട്ടറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. യൂറോ യോഗ്യത റൗണ്ടിലെ എക്കാലത്തെയും വലിയ വിജയമാണിത്. സൂപ്പർതാരം കിലിയൻ എംബപ്പേ മത്സരത്തിൽ ഹാട്രിക്ക് നേടിയിട്ടുണ്ട്. മാത്രമല്ല കരിയറിൽ ആകെ 300 ഗോളുകൾ പൂർത്തിയാക്കാനും എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.
കോമാൻ,ജിറൂദ് എന്നിവർ മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി.തുറാം,സൈറെ എമരി,ക്ലോസ്,ഫോഫാന,റാബിയോട്ട്,ഡെമ്പലെ എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. 7 മത്സരങ്ങളിൽ ഏഴിലും വിജയിച്ച ഫ്രാൻസ് നേരത്തെ തന്നെ യൂറോ യോഗ്യത സ്വന്തമാക്കിയതാണ്.അതേസമയം ഏഴു മത്സരങ്ങളിൽ ഏഴിലും ജിബ്രാൾട്ടർ പരാജയപ്പെട്ടിട്ടുണ്ട്. ആകെ 35 ഗോളുകളാണ് അവർ വഴങ്ങിയിട്ടുള്ളത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നെതർലാന്റ്സ് വിജയിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അയർലണ്ടിനെ തോൽപ്പിച്ചത്.വെഗോസ്റ്റിന്റെ ഗോളാണ് ഹോളണ്ടിന് വിജയം സമ്മാനിച്ചത്. ഫ്രാൻസിനെ പുറകിൽ രണ്ടാം സ്ഥാനത്താണ് നെതർലാന്റ്സ് ഇപ്പോൾ ഗ്രൂപ്പിൽ ഉള്ളത്.അവരും യോഗ്യതാ സ്വന്തമാക്കിയിട്ടുണ്ട്.