ഇന്ത്യൻ ഫുട്ബോളിന്റെ ശാപത്തിന് അറുതി വരുന്നു,VAR ഇന്ത്യയിലും കൊണ്ടുവരാൻ തീരുമാനമെടുത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്ന് നിലവാരം കുറഞ്ഞ റഫറിയിങാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ പലകുറി മോശം തീരുമാനങ്ങൾ വിനയായിരുന്നു.ഇത്തവണയും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പലപ്പോഴും റഫറിമാരുടെ നിലവാരമില്ലായ്മയും മോശം തീരുമാനങ്ങളും കളിയുടെ ക്വാളിറ്റിയെ തന്നെ ഇല്ലാതാക്കി മാറ്റാറുണ്ട്.
ആരാധകരും പരിശീലകരും എപ്പോഴും ആവശ്യപ്പെടുന്ന കാര്യമാണ് വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR ഇന്ത്യൻ ഫുട്ബോളിലും നടപ്പിലാക്കണമെന്നത്. കഴിഞ്ഞ സീസണിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡണ്ടായ കല്യാൺ ചൗബെ ഈ സീസൺ മുതൽ VAR കൊണ്ടുവരുമെന്നുള്ള വാഗ്ദാനം നൽകിയിരുന്നു.VAR ലൈറ്റ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാൽ ആ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല.
പണമില്ല എന്നായിരുന്നു ഇതിനെ കുറിച്ച് സെക്രട്ടറി പറഞ്ഞിരുന്നത്.സെക്രട്ടറിയുടെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇപ്പോൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യൻ ഫുട്ബോളിലേക്ക് VAR വരികയാണ്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തു കഴിഞ്ഞു. 2025-26 സീസണിൽ ആയിരിക്കും ആദ്യമായി കൊണ്ട് ഇന്ത്യയിൽ VAR സിസ്റ്റം കൊണ്ടുവരിക.ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമല്ല, രണ്ടാം ഡിവിഷനായ ഐ ലീഗിലും VAR നടപ്പിലാക്കും.
നേരത്തെയും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.ഇത്തവണയെങ്കിലും അത് നടക്കും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.VAR വന്നുകഴിഞ്ഞാൽ ഒരു പരിധിവരെ തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാൻ സാധിക്കും.അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് തന്നെ കാരണമാകും. ഭീമമായ സാമ്പത്തിക ചിലവ് വരുന്നതിനാലാണ് VAR വരാൻ വൈകുന്നത് എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ ഐഎസ്എല്ലിലെ മോശം റഫറിയിങ് വലിയ തലവേദനയാണ് ഇക്കാലമത്രയും AIFF ന് സൃഷ്ടിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് എപ്പോഴും VAR ന്റെ ആവശ്യകതയെ പറ്റി സംസാരിക്കാറുണ്ട്.
2026 സീസൺ വരെ കാത്തിരിക്കേണ്ടി വരുന്നു എന്നത് തന്നെ ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. കാരണം അക്കാലയളവ് വരെയും റഫറിമാരുടെ അബദ്ധങ്ങൾ അനുഭവിക്കേണ്ടി വരും എന്നത് തന്നെയാണ് ആശങ്കയുണ്ടാക്കുന്നത്.ഏതായാലും ഇന്ത്യൻ ആരാധകരുടെ പ്രതിഷേധം ഫലം കാണാൻ പോവുകയാണ് എന്ന വാർത്ത തീർത്തും ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്.