നെയ്മറില്ലെങ്കിൽ ബ്രസീലിനു വയ്യ,അരങ്ങേറ്റത്തിന് ശേഷം അഭാവത്തിൽ തോൽവി ശതമാനം കൂടി,മാറ്റം അനിവാര്യം.
കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് അതിഗുരുതരമായി പരിക്കേറ്റത്.ഇനി ഈ സീസണിൽ നെയ്മർ കളിക്കാനുള്ള സാധ്യത കുറവാണ്.ആ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടിരുന്നു.അതിനുശേഷം കൊളംബിയയോടും അർജന്റീനയോടും ബ്രസീൽ പരാജയപ്പെട്ടു.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ അർജന്റീനയോട് തോറ്റത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിലാണ് ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.നെയ്മർ ഇല്ലെങ്കിൽ തോൽവികൾ വർദ്ധിച്ചുവരുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ബ്രസീലിന് അതിൽ നിന്നും ഒരു മാറ്റം അനിവാര്യമാണ്. നെയ്മർ ഇല്ലെങ്കിൽ ബ്രസീലിന് കൂടുതലായിട്ട് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നതിനുള്ള ചില തെളിവുകൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.
നെയ്മർ ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തിയതിനുശേഷം ആകെ 128 മത്സരങ്ങളാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ബ്രസീൽ കളിച്ചിട്ടുള്ളത്.അതിൽ 92 മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചു. വിജയശതമാനം 71.87 ശതമാനമാണ്.നെയ്മർ ഉള്ള 15 മത്സരങ്ങളിൽ ആണ് ആകെ ബ്രസീൽ പരാജയപ്പെട്ടിട്ടുള്ളത്. തോൽവി ശതമാനം 11.72 ശതമാനം മാത്രമാണ്.എന്നാൽ നെയ്മർ ഇല്ലാതെ ഇങ്ങനെയല്ല കണക്കുകൾ.
നെയ്മർ ബ്രസീലിനായി അരങ്ങേറിയതിനുശേഷം നെയ്മർ ഇല്ലാതെ അമ്പത് മത്സരങ്ങളാണ് ബ്രസീൽ ആകെ കളിച്ചിട്ടുള്ളത്.അതിൽ 30 മത്സരങ്ങളിൽ ആണ് ബ്രസീൽ വിജയിച്ചിട്ടുള്ളത്. വിജയശതമാനം 60% ആണ്.ഈ 50 മത്സരങ്ങളിൽ 13 മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെട്ടു.അതായത് തോൽവിയുടെ ശതമാനം 26% ആണ്.നെയ്മർ ഇല്ലാതെ തോൽവികളുടെ ശതമാനം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. നെയ്മർ എത്രത്തോളം ബ്രസീലിന് പ്രധാനപ്പെട്ട താരമാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
നെയ്മർ ഇല്ലെങ്കിൽ വിജയിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ബ്രസീൽ,നെയ്മർ ഇല്ലെങ്കിൽ കൂടുതൽ തോൽവികൾ ഏറ്റുവാങ്ങുന്ന ഒരു ബ്രസീൽ,എന്നൊക്കെയാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.അതുകൊണ്ടുതന്നെ ബ്രസീലിന് മാറ്റം അനിവാര്യമാണ്.എത്രയും പെട്ടെന്ന് ഇതിൽ നിന്നും ബ്രസീൽ പുറത്ത് കടക്കേണ്ടതുണ്ട്.നെയ്മറെ ആശ്രയിച്ച് പോകുന്നതിനു പകരം ഒരു മികച്ച ടീമിനെ തന്നെ അവർ വാർത്തെടുക്കേണ്ടിയിരിക്കുന്നു.