വലിയ ഒരു പാഠം പഠിക്കാൻ കഴിഞ്ഞു :ചെന്നൈക്കെതിരെയുള്ള സമനിലക്ക് ശേഷം ഇവാൻ ഇങ്ങനെ പറയാൻ കാരണമെന്താവും?
കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ മൂന്നു പോയിന്റുകളും ബ്ലാസ്റ്റേഴ്സ് നേടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പ്രതീക്ഷകളെയെല്ലാം താളം തെറ്റിച്ചു കൊണ്ടാണ് മത്സരം തന്നെ ആരംഭിച്ചത്.
മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങി. 24 മിനിട്ട് പൂർത്തിയാവുമ്പോഴേക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ മൂന്ന് ഗോളുകൾ കയറി.ചെന്നൈക്കെതിരെ ഇത്തരത്തിലുള്ള ഒരു അവസ്ഥ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പിന്നീട് രണ്ട് ഗോളുകൾ നേടി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിലാക്കുകയായിരുന്നു.
മത്സരത്തിൽ എവിടെയെക്കെയോ ഇവാൻ വുക്മനോവിച്ച് നടപ്പിലാക്കിയ തന്ത്രങ്ങളും പരീക്ഷണങ്ങളും പാളിയിട്ടുണ്ടെന്ന് അപ്പോൾ തന്നെ എല്ലാവർക്കും തോന്നിത്തുടങ്ങിയതാണ്. പ്രത്യേകിച്ച് ഡിഫൻസിലെ നിർണായക സാന്നിധ്യമായ കോട്ടാലിനെ പുറത്തിരുത്തിയത് വലിയ തിരിച്ചടിയായി.ഏതായാലും ഈ പരീക്ഷണങ്ങൾ ഫലം കണ്ടില്ല എന്നത് വുക്മനോവിച്ച് തന്നെ മനസ്സിലാക്കി എന്ന് വേണം കരുതാൻ. കാരണം മത്സരശേഷം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വലിയ പാഠങ്ങൾ ഈ മത്സരത്തിൽ നിന്നും പഠിക്കാൻ പറ്റി എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ മഹത്തായ പാഠമായിരുന്നു.ഞങ്ങൾ മത്സരത്തിൽ നല്ല നിമിഷങ്ങൾ സൃഷ്ടിക്കുകയും ആരാധകരിൽ നിന്ന് പിന്തുണക്കുന്ന ചാന്റുകൾ കേൾക്കുകയും ചെയ്തത് എല്ലാവർക്കും പോസിറ്റീവായ ഒരു കാര്യമായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയതിനെ പറ്റി ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പക്ഷേ ലോക്കർ റൂമിൽ അതിനേക്കാൾ ചർച്ച ചെയ്തത് മത്സരത്തിൽ ഞങ്ങൾക്ക് തിരിച്ചുവരാനായി എന്നതിനെ കുറിച്ചാണ്, ഇതാണ് മത്സരശേഷം ഉള്ള പത്ര സമ്മേളനത്തിൽ വുക്മനോവിച്ച് പറഞ്ഞത്.
ഏതായാലും മത്സരത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാനായി എന്നത് വുക്മനോവിച്ച് തന്നെ സമ്മതിക്കുന്ന കാര്യമാണ്.എവിടെയൊക്കെ പിഴച്ചു എന്നത് അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാവണം. അതെല്ലാം പരിഹരിച്ച് കരുത്തരായ ഗോവക്കെതിരെ മികച്ച രീതിയിലുള്ള ഒരു ടീമിനെ തന്നെ അദ്ദേഹം ഇറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കനത്ത ഫോമിലുള്ള ഗോവയെ മറികടക്കുക എന്നത് ഒരു ചാലഞ്ച് തന്നെയാണ്. ഡിസംബർ മൂന്നാം തീയതി ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.