ഒടുവിൽ ആരാധകർ കാത്തിരുന്നത് സംഭവിച്ചു,ഇന്ത്യയിൽ വളരെ എളുപ്പമാണ് എന്നാണ് ചില വിദേശ താരങ്ങൾ കരുതുന്നതെന്ന് വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഇതുവരെ ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയിരുന്ന താരം സ്ട്രൈക്കർ ക്വാമെ പെപ്രയായിരുന്നു.എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് കളിച്ച ആദ്യത്തെ 7 മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്തിരുന്നു.പക്ഷേ ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിരുന്നില്ല എന്നത് മാത്രമല്ല അസിസ്റ്റ് സ്വന്തമാക്കാനും കഴിഞ്ഞിരുന്നില്ല. ഇത് ആരാധകർക്ക് ആശങ്ക സൃഷ്ടിച്ചുവെങ്കിലും പരിശീലകനായ ഇവാൻ വുക്മനോവിച്ച് അദ്ദേഹത്തെ പിന്തുണക്കുകയാണ് ചെയ്തത്.പെപ്ര ടീമിനെ വളരെയധികം സഹായിക്കുന്നുണ്ട് എന്നായിരുന്നു വുക്മനോവിച്ച് വിശദീകരണമായി കൊണ്ട് നൽകിയിരുന്നത്.
വളരെയധികം വർക്ക് റേറ്റുള്ള താരമാണ് പെപ്ര എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഗോളുകൾ വരാത്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ പെപ്ര ഗോളടിച്ചു. അതും ഒന്നാന്തരം ഒരു ഗോൾ.ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ കണ്ടെത്തിയത്.ഇത് ആരാധകരെ ഏറെ ആവേശഭരിതരാക്കി. തീർച്ചയായും പെപ്രക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ ഗോളിലൂടെ സാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
പെപ്രക്ക് ഗോളടിക്കാൻ കഴിഞ്ഞതിൽ പരിശീലകനായ ഇവാൻ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വിദേശ താരങ്ങൾ അഡാപ്റ്റാവാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ കളിക്കാം എന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ ഒന്നും വുക്മനോവിച്ച് പ്രസ് കോൺഫറൻസിൽ ഓർമിപ്പിച്ചിട്ടുണ്ട്.
വളരെയധികം കഴിവുകൾ ഉള്ള താരമാണ് പെപ്ര. അദ്ദേഹത്തിന്റെ സൈനിംഗ് സമയത്ത് തന്നെ ഞങ്ങൾ അത് മനസ്സിലാക്കിയതാണ്.കളിയിൽ ഡിഫറൻസുകൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹമെന്ന് ഞങ്ങൾക്കറിയാം. എന്നാൽ പ്രീ സീസണിൽ അദ്ദേഹം വൈകിയാണ് എത്തിയത്,ടീമിനോടൊപ്പം കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ല, അത്തരമൊരു അവസ്ഥയിൽ ഇന്ത്യൻ സൂപ്പർ ലീഗുമായി അഡാപ്റ്റാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇവിടെ ചൂടും ഹ്യൂമിഡിറ്റിയും കൂടുതലാണല്ലോ. ചില വിദേശ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുമ്പോൾ കരുതുന്നത് ഇവിടെ കാര്യങ്ങൾ എളുപ്പമാണ് എന്നാണ്.അതുകൊണ്ടുതന്നെ ഞാൻ മികച്ച പ്രകടനം പുറത്തെടുക്കും എന്ന അവകാശവാദം അവർ ഉന്നയിക്കും.പക്ഷേ ഇവിടെ വന്നതിനുശേഷം അവർ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക.അത് എല്ലാ വിദേശ താരങ്ങളുടെയും കാര്യത്തിൽ സമാനമാണ്.പെപ്രക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന താരമാണ് പെപ്ര.തീർച്ചയായും കളിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കും,വുക്മനോവിച്ച് പറഞ്ഞു.
അടുത്ത ഗോവക്കെതിരെയുള്ള മത്സരത്തിലും പെപ്ര തന്നെയായിരിക്കും സ്റ്റാർട്ട് ചെയ്യുക.പക്ഷേ ഇതുവരെ ഉള്ളതുപോലെ ആവില്ല കാര്യങ്ങൾ. ഗോവ കരുത്തരാണ്. കിട്ടുന്ന അവസരങ്ങൾ കൃത്യമായി മുതലെടുത്തിട്ടില്ലെങ്കിൽ തീർച്ചയായും അതിന് വലിയ വില നൽകേണ്ടിവരും.