പ്രതിരോധത്തിൽ പ്രശ്നമുണ്ടോ? എവിടെയാണ് പിഴച്ചത്? വുക്മനോവിച്ച് വ്യക്തമാക്കുന്നു.
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയോട് സമനില വഴങ്ങിയിരുന്നു.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ടായിരുന്നു മത്സരത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നത്. എന്നാൽ ആരാധകർക്ക് ഈ മത്സരം നിരാശയാണ് സമ്മാനിച്ചത്.കാരണം വിജയിക്കാൻ കഴിയാവുന്ന ഒരു മത്സരമാണ് ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങിയത് എന്നാണ് പൊതുവേയുള്ള അഭിപ്രായം.അക്കാര്യത്തിലാണ് നിരാശയുള്ളത്.
കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലുള്ള മത്സരം അരങ്ങേറാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഗോവയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് അവരെ നേരിടുക. ഇന്നത്തെ മത്സരത്തിൽ അവരെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. ഈ സീസണിൽ ഒരു തോൽവി പോലും ഗോവ വഴങ്ങിയിട്ടില്ല. മാത്രമല്ല 2016 ന് ശേഷം ഇതുവരെ ഒരു തവണ പോലും ഗോവയുടെ മൈതാനത്ത് വെച്ച് വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുമില്ല.
കഴിഞ്ഞ മത്സരത്തിന്റെ ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾ വഴങ്ങിയിരുന്നു. പ്രതിരോധത്തിലെ പിഴവുകളായിരുന്നു ഇതിന് കാരണമായത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വിശദീകരണം പരിശീലകനായ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. പ്രതിരോധത്തിൽ പിഴച്ചിട്ടില്ല എന്ന് തന്നെയാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. മറിച്ച് ഏകാഗ്രതയുടെ അഭാവമാണ് ഗോളുകൾ വഴങ്ങാൻ കാരണമായതെന്ന് വുക്മനോവിച്ച് നിരീക്ഷിച്ചിട്ടുണ്ട്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോളുകൾ വഴങ്ങാൻ കാരണം ഏകാഗ്രത ഇല്ലാത്തതാണ്. ഒരു ടീം എന്ന നിലയിൽ നമ്മൾ നിർബന്ധമായും ഇത്തരത്തിലുള്ള പിഴവുകൾ ഒഴിവാക്കണം. തെറ്റുകൾ കുറക്കുക, നിർണായക നിമിഷങ്ങളിൽ വളരെ മികച്ച രൂപത്തിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുക,എന്നാൽ മാത്രമാണ് നമുക്ക് വിജയത്തിലേക്ക് എത്താൻ സാധിക്കുക. ആദ്യ പകുതിയിൽ ചെന്നൈ മികച്ചു നിന്നപ്പോൾ രണ്ടാം പകുതിയിൽ ഞങ്ങൾ മികച്ചു നിന്നു.ഞങ്ങളുടെ പ്രതിരോധത്തിൽ ഒരു പ്രശ്നവുമില്ല,പ്രതിരോധം പിഴച്ചിട്ടുമില്ല. മറിച്ച് എതിരാളികളുടെ ഗുണനിലവാരമാണ് ആ ഗോളുകൾ കാണിക്കുന്നത്. വിജയിക്കാൻ തീർച്ചയായും പിഴവുകൾ ഞങ്ങൾ കുറക്കേണ്ടതുണ്ട്,വുക്മനോവിച്ച് പറഞ്ഞു.
ഇന്നത്തെ മത്സരം തീർച്ചയായും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നുതന്നെയായിരിക്കും.പക്ഷേ അതിനെ മറികടക്കാൻ കഴിയും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസം ആരാധകർക്കുണ്ട്. നിലവിൽ ഇപ്പോൾ എട്ടുമത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ് തുടരുന്നത്.ഈ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ അത് തീർച്ചയായും ക്ലബ്ബിന്റെ കോൺഫിഡൻസ് വർദ്ധിപ്പിക്കുന്നതായിരിക്കും.