പോയിന്റ് ടേബിൾ സത്യമല്ല,ഒരു കിടിലൻ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം,മത്സരശേഷം ഗോവ പരിശീലകൻ പറഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടി രുചിച്ചു കഴിഞ്ഞു.ഇത്തവണയും എവേ മൈതാനത്ത് തന്നെയാണ് വീണിട്ടുള്ളത്. ആദ്യം മുംബൈ സിറ്റിയോട് അവരുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഇന്നിപ്പോൾ ഗോവയോടാണ് അവരുടെ മൈതാനത്ത് പരാജയപ്പെട്ടിട്ടുള്ളത്. മത്സരത്തിൽ വലിയ മികവ് ഒന്നും അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇല്ല.പ്രത്യേകിച്ച് ആദ്യപകുതിയിൽ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു.
ടീമിന്റെ യഥാർത്ഥ മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നത് പരിശീലകനായ വുക്മനോവിച്ച് തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഒരിക്കൽ കൂടി സെറ്റ് പീസിൽ നിന്നും ഗോൾ വഴങ്ങേണ്ടി വന്നതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാതെ പോയത് തിരിച്ചടിയായി എന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പത്തിന്റെ അഭാവം ഗോവക്ക് ബ്ലാസ്റ്റേഴ്സിന് മേൽ ആധിപത്യം നൽകിയെന്നും ഇദ്ദേഹം നിരീക്ഷിച്ചു.
ഈ മത്സരത്തിനുശേഷം ഗോവയുടെ പരിശീലകനായ മനോളോ മാർക്കെസും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നിലവിലെ പോയിന്റ് ടേബിൾ യാഥാർത്ഥ്യമല്ലെന്നും അതിനു കാരണം മത്സരങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ആണെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഒരു മികച്ച ടീമിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഗോവയുടെ പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
പോയിന്റ് ടേബിളിൽ തലപ്പത്ത് ഇരിക്കുമ്പോൾ അതിങ്ങനെ ഇടക്ക് ചെക്ക് ചെയ്യുന്നത് സുഖമുള്ള കാര്യമാണ്.പക്ഷേ ഇപ്പോഴത്തെ പോയിന്റ് ടേബിൾ സത്യമല്ല,യാഥാർത്ഥ്യമല്ല.കാരണം ചില ടീമുകൾ കൂടുതൽ മത്സരങ്ങൾ കളിക്കുകയും ചില ടീമുകൾ കുറവ് മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പ്രധാനപ്പെട്ട കാര്യം ഞങ്ങൾ ഇതുവരെ രണ്ട് പോയിന്റുകൾ മാത്രമാണ് നഷ്ടപ്പെടുത്തിയത് എന്നതാണ്. ഒരു മികച്ച ടീമിനെയാണ് ഞങ്ങൾ പരാജയപ്പെടുത്തിയത്. അതിൽ ഞാൻ ഹാപ്പിയാണ്,ഗോവ പരിശീലകൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം. 9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.പക്ഷേ അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് നഷ്ടമാക്കിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്.അത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാതെ വിജയവഴിയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.