മലപ്പുറത്തും കോഴിക്കോടും,ഫിഫ നിലവാരത്തിൽ 110 കോടിയുടെ രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിൽ വരുന്നു.
ഫുട്ബോളിന് മാത്രമായി മികച്ച സ്റ്റേഡിയങ്ങൾ ഇല്ല എന്നത് കാലാകാലങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന ഒരു പരാതിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം യഥാർത്ഥത്തിൽ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഫുട്ബോളിന് മാത്രമായി സ്റ്റേഡിയം വരുന്നതിന്റെ ആവശ്യകതയെ പറ്റി ഏഷ്യൻ ഫുട്ബോൾ മേധാവി നേരത്തെ സംസാരിച്ചിരുന്നു.മികച്ച സ്റ്റേഡിയങ്ങൾ ഇല്ലാത്തത് കേരളത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
അതുകൊണ്ടുതന്നെ മികച്ച മത്സരങ്ങൾ കേരളത്തിലേക്ക് വരുന്നില്ല.അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിന് വേണമെന്നിരിക്കെയാണ് ആശ്വാസകരമായ റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്. ഫിഫയുടെ നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയങ്ങൾ കേരളത്തിൽ നിർമ്മിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.
മലയാളത്തിലെ ചില മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് മികച്ച സ്റ്റേഡിയങ്ങൾ നിർമ്മിച്ച അടുത്ത വർഷം അവസാനിക്കുന്നതിനു മുന്നേ ഉദ്ഘാടനം ചെയ്യുക എന്ന ലക്ഷ്യമാണ് നിലവിലെ കേരള സർക്കാറിന് ഉള്ളത്. മലപ്പുറത്തും കോഴിക്കോടും നിർമ്മിക്കാനാണ് സർക്കാരിന്റെ പ്രാഥമിക പദ്ധതികൾ. കോഴിക്കോട് ബീച്ചിനോട് ചേർന്ന് ഒരു മികച്ച സ്റ്റേഡിയം നിർമ്മിക്കുക,മലപ്പുറത്ത് മഞ്ചേരിയിൽ പയ്യനാട് സ്റ്റേഡിയത്തിന്റെ സമീപത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യങ്ങൾ. 110 കോടിയാണ് ഇതിന്റെ ചിലവായി കൊണ്ട് കണക്കാക്കപ്പെടുന്നത്.
ഇത് നടക്കണേയെന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ആരാധകർ ഉള്ളത്. കേവലം വാഗ്ദാനമായി ഒതുങ്ങിപ്പോകുമോ അതല്ലെങ്കിൽ മികച്ച രണ്ട് സ്റ്റേഡിയങ്ങൾ ഫുട്ബോൾ ആരാധകർക്കു ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. മികച്ച സ്റ്റേഡിയങ്ങൾ ഉണ്ടായാൽ തീർച്ചയായും വലിയ മത്സരങ്ങൾ കേരളത്തിലേക്ക് എത്തുക തന്നെ ചെയ്യും.
ഫുട്ബോൾ ആരാധകർക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. അത് കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് ഇവിടുത്തെ അധികാരികൾ ചെയ്യേണ്ടത്. ഇന്ത്യയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കാൻ താല്പര്യം പ്രകടിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ മികച്ച സ്റ്റേഡിയങ്ങൾ ഇല്ലാത്തതാണ് ഇതിന് വിലങ്ങു തടിയാവാൻ കാരണം. മികച്ച സ്റ്റേഡിയങ്ങൾ നിർമ്മിക്കപ്പെട്ടാൽ തീർച്ചയായും അന്താരാഷ്ട്ര മത്സരങ്ങൾ നമുക്ക് കേരളത്തിൽ വച്ചുകൊണ്ട് തന്നെ കാണാൻ സാധിക്കും.