മറ്റൊരു വിദേശ താരം കൂടി ക്ലബ്ബ് വിട്ടതായി വാർത്ത, ഹൈദരാബാദിൽ ഇപ്പോൾ ഉള്ളത് കേവലം മൂന്ന് വിദേശ താരങ്ങൾ.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി വീണ്ടും സമനില വഴങ്ങിയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അവർ സമനില വഴങ്ങിയത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. ഇതോടെ വിജയം നേടാനാവാതെ ഹൈദരാബാദ് മുന്നോട്ടുപോവുകയാണ്.
9 മത്സരങ്ങളാണ് ഇതുവരെ ഹൈദരാബാദ് കളിച്ചിട്ടുള്ളത്. അതിൽനിന്നും നാല് സമനിലകളും 5 തോൽവികളും അവർക്ക് ഏറ്റുവാങ്ങേണ്ടിവന്നു.കേവലം 4 പോയിന്റുകൾ മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. എല്ലാം കൊണ്ടും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഹൈദരാബാദ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ താരങ്ങൾ ഓരോരുത്തരായി ക്ലബ്ബ് വിടുകയാണ്.
നേരത്തെ തന്നെ രണ്ട് വിദേശ താരങ്ങൾ ക്ലബ്ബിന്റെ ക്യാമ്പ് വിട്ടിരുന്നു.ഒസ്വാൾഡോ,ഫെലിപെ അമോറിം എന്നീ വിദേശ താരങ്ങളായിരുന്നു ക്ലബ്ബ് വിട്ടിരുന്നത്.അമോറിം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ക്ലബ്ബ് വിട്ടകാര്യം സ്ഥിരീകരിക്കുകയായിരുന്നു. പറഞ്ഞ സാലറി ഹൈദരാബാദ് നൽകാത്തത് കൊണ്ടാണ് ഈ താരങ്ങൾ ക്ലബ്ബ് വിട്ടിട്ടുള്ളത്. വളരെ മോശം രീതിയിലാണ് താരങ്ങളെ ഇവർ കൈകാര്യം ചെയ്യുന്നത്.
മറ്റൊരു വിദേശ താരമായ ജോനാഥൻ മോയ ഇന്നലത്തെ മത്സരത്തിനുള്ള ടീമിൽ ഉണ്ടായിരുന്നില്ല. റൂമറുകൾ പ്രകാരം ഈ കോസ്റ്റാറിക്കാൻ താരം ഹൈദരാബാദ് വിട്ടു എന്നാണ് അറിയാൻ കഴിയുന്നത്. അതായത് മൂന്നു വിദേശ താരങ്ങൾ ഇപ്പോൾ ക്ലബ്ബിനോടപ്പം ഇല്ല. കേവലം 3 വിദേശ താരങ്ങളുമായാണ് ഹൈദരാബാദ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.പുതിയ താരങ്ങളെ എത്തിക്കാൻ അവർക്ക് കഴിയില്ല.
എന്തെന്നാൽ അവർക്ക് ട്രാൻസ്ഫർ ബാൻ ആണ്. നേരത്തെ തന്നെ ഓഗ്ബച്ചെക്ക് കൃത്യമായ സാലറി നൽകാത്തതുകൊണ്ട് അവർ നിയമനടപടി സ്വീകരിച്ചിരുന്നു.അതിന്റെ ശിക്ഷയായി കൊണ്ടാണ് ഹൈദരാബാദിന് ട്രാൻസ്ഫർ ബാൻ ലഭിച്ചത്. താരങ്ങളെ പുതുതായി ടീമിലേക്ക് എത്തിക്കാനാവാത്ത അവസ്ഥ, നിലവിലെ താരങ്ങൾ ക്ലബ്ബ് വിടുന്ന അവസ്ഥ,ക്ലബ്ബ് വളരെ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു, ഇങ്ങനെ എല്ലാംകൊണ്ടും പ്രതിസന്ധിയിലാണ് ഹൈദരാബാദ്.
അവർ ഉയർത്തെഴുന്നേറ്റു വരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ ക്ലബ്ബ് മാനേജ്മെന്റ് വളരെ നിരുത്തരവാദപരമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത് എന്നാണ് ആരോപണങ്ങൾ. ഏതായാലും ഹൈദരാബാദ് ഇത്രയും മോശം സ്ഥിതിയിലൂടെ കടന്നുപോകും എന്നത് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.