ഞാൻ ലോകത്തെ ഏറ്റവും മികച്ച താരമാവുമെന്നത് എനിക്ക് പതിനഞ്ചാം വയസ്സിൽ തന്നെ അറിയാമായിരുന്നു,സുഹൃത്തുക്കളോട് താനത് പറഞ്ഞിട്ടുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.
പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് പലരും പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അത് ശരിവെക്കുന്ന രൂപത്തിലുള്ള പ്രകടനമാണ് ഇപ്പോൾ ഈ താരം നടത്തിക്കൊണ്ടിരിക്കുന്നത്.38 വയസ്സുള്ള റൊണാൾഡോ യുവതാരങ്ങളെ പോലും നാണിപ്പിക്കുന്ന വിധമുള്ള പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം 50 ഗോളുകളും 14 അസിസ്റ്റുകളും റൊണാൾഡോ നേടി എന്ന് പറയുമ്പോഴാണ് അദ്ദേഹം എത്രത്തോളം മികവിലാണ് ഇപ്പോഴും കളിക്കുന്നത് എന്നത് നമുക്ക് വ്യക്തമാവുന്നത്.
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം ആരാണ് ? ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്നതൊക്കെ എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്.ക്രിസ്റ്റ്യാനോ ആരാധകർ ഈ സ്ഥാനത്ത് ക്രിസ്റ്റ്യാനോയെയാണ് പരിഗണിക്കുന്നത്.മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം താനാണ് എന്നത് ആത്മവിശ്വാസത്തോടുകൂടി ഒരുപാട് തവണ ആവർത്തിച്ച വ്യക്തിയാണ്ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇതുമായി ബന്ധപ്പെട്ട പുതിയ ഒരു സ്റ്റേറ്റ്മെന്റ് കൂടി ക്രിസ്റ്റ്യാനോ നടത്തിയിട്ടുണ്ട്. അതായത് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് മാറാൻ തനിക്ക് സാധിക്കും എന്നത് പതിനഞ്ചാം വയസ്സിൽ തന്നെ തന്റെ സുഹൃത്തുക്കളോട് താൻ പറഞ്ഞു എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുള്ളത്.റൊണാൾഡോയുടെ നിശ്ചയദാർഢ്യം വിളിച്ചോതുന്ന മെന്റാലിറ്റിയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ വാക്കുകൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ ക്രിസ്റ്റ്യാനോ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.ആ റെക്കോർഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റൊണാൾഡോ പറഞ്ഞത് ഇപ്രകാരമാണ്,എന്റെ പതിനഞ്ചാം വയസ്സിൽ,എന്നോടൊപ്പം ട്രെയിനിങ് നടത്തുന്ന എന്റെ ചില സഹതാരങ്ങളോട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്,അത് ഇപ്പോഴും എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്.ഒരു ദിവസം ലോകത്തെ ഏറ്റവും മികച്ച താരമായി മാറാൻ എനിക്ക് സാധിക്കുമെന്നാണ് ഞാൻ അവരോട് പറഞ്ഞത്,ഇതാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റ സ്റ്റോറിയിൽ എഴുതിയിരിക്കുന്നത്.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇത്രയധികം നീണ്ട കാലം സ്ഥിരതയോടുകൂടി ഫുട്ബോൾ ലോകത്ത് തുടർന്ന് മറ്റൊരു താരവും ഉണ്ടാവില്ല. ഏവരെയും അമ്പരപ്പിച്ചു കൊണ്ടാണ് റൊണാൾഡോ ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.