ഇടിവെട്ടിയവനെ പാമ്പുകടിച്ചു,ഇവാന് പുറമേ അഡ്രിയാൻ ലൂണയും പഞ്ചാബിനെതിരെ ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്സ് വളരെ നിർണായകമായ ഒരു മത്സരത്തിനാണ് നാളെ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം റൗണ്ട് പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി എട്ടുമണിക്ക് നടക്കുന്ന ഈ മത്സരം പഞ്ചാബ് എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. വിജയവഴിയിലേക്ക് മടങ്ങിയെത്തൽ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.
എന്തെന്നാൽ അവസാനത്തെ രണ്ടു മത്സരങ്ങൾ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. അതുകൊണ്ടുതന്നെ കോൺഫിഡൻസ് വീണ്ടെടുക്കണമെങ്കിൽ വിജയം നേടേണ്ടതുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ താരമായ ഡാനിഷ് ഫാറൂഖ് ഈ മത്സരത്തിൽ കളിക്കില്ല എന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. യെല്ലോ കാർഡ് കണ്ടതിനാൽ അദ്ദേഹത്തിന് സസ്പെൻഷനാണ്. അതിനുപുറമെയാണ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെയും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്.
റഫറിയെ വിമർശിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്കും പിഴയും ഏർപ്പെടുത്തുകയായിരുന്നു. അതായത് പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ടീമിനോടൊപ്പം ഇവാൻ ഉണ്ടാവില്ല. എന്നാൽ ഇതിനേക്കാൾ ഒക്കെ തിരിച്ചടി ഏൽപ്പിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയും ഈ മത്സരത്തിൽ കളിച്ചേക്കില്ല.പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ലൂണക്ക് പരിക്കാണ്.അതുകൊണ്ടാണ് അദ്ദേഹത്തെ ഈ മത്സരത്തിന് ലഭ്യമാവാത്തത്. ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും കളിച്ച താരമാണ് ലൂണ.എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒക്കെ താരം തീർത്തും ക്ഷീണിതനായിരുന്നു. കഴിഞ്ഞ മത്സരത്തിലെ യഥാർത്ഥ മിക്കവിലേക്ക് ഉയരാൻ ലൂണക്ക് സാധിച്ചിരുന്നില്ല.ഇതിനൊക്കെ പുറമെയാണ് പരിക്കു കൂടി അദ്ദേഹത്തെ അലട്ടുന്നത്.ഇത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികച്ച തുടക്കത്തിൽ വലിയ പങ്കുവഹിക്കുന്നത് ലൂണയാണ്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിൽ പഞ്ചാബിനെതിരെ കളിക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് ഇതെല്ലാം മാനേജ് ചെയ്യും എന്നാണ് പ്രതീക്ഷകൾ.