കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ആരാധകരുടെ പ്രിയപ്പെട്ട ആശാനായ ഇവാൻ വുക്മനോവിച്ചായിരുന്നു.എന്നാൽ ആദ്യത്തെ മത്സരങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അതിന് മുമ്പത്തെ സീസണിലെ വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന് 10 മത്സരങ്ങളിൽ നിന്നും വിലക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് ഒഡീഷക്കെതിരെയുള്ള മത്സരത്തിലായിരുന്നു അദ്ദേഹം തിരികെ എത്തിയിരുന്നത്.
ഒരു ഗംഭീര വരവേൽപ്പായിരുന്നു അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട നൽകിയിരുന്നത്. ഒരു ഭീമൻ ടിഫോ അദ്ദേഹത്തിന് വേണ്ടി ഒരുക്കിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടിഫോകളിൽ ഒന്നായിരുന്നു അത്. രാജാവ് തിരിച്ചെത്തുന്നു എന്നായിരുന്നു ആ ടിഫോയിൽ അവർ എഴുതിയിരുന്നത്. അന്ന് തന്നെ ഇവാൻ വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അതിന് ഒരു വയസ്സ് പൂർത്തിയായത്. ഇത് സൂചിപ്പിച്ചുകൊണ്ട് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ എക്‌സിൽ ആ പഴയ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.ഇവാൻ വുക്മനോവിച്ച് അതിനോട് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.ഇവാൻ എക്‌സിൽ എഴുതിയ വാക്കുകൾ ഇങ്ങനെയാണ്.
‘ ജീവിതകാലം മുഴുവനും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഒരു ഓർമ്മ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും. എന്റെ ജീവിതത്തിൽ ഇതാണ് ആ ഓർമ്മ.ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല.ഞാൻ മഞ്ഞപ്പടയോടും ബ്ലാസ്റ്റേഴ്സ് ആർമിയോടും നന്ദി പറയുന്നു. എല്ലാ കാലവും ഞാൻ ഇതിനോട് നന്ദിയുള്ളവനായിരിക്കും ‘ ഇതാണ് ആശാൻ എഴുതിയിട്ടുള്ളത്.
ഇവാൻ നിലവിൽ ഏത് ടീമിനെയും പരിശീലിപ്പിക്കുന്നില്ല.ഐഎസ്എൽ ഉൾപ്പെടെ പല സ്ഥലത്ത് നിന്നും അദ്ദേഹത്തിന് ഓഫറുകൾ വന്നിരുന്നു.എന്നാൽ അതെല്ലാം അദ്ദേഹം നിരസിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് ക്ഷണിച്ചാൽ ക്ലബ്ബിലേക്ക് തിരികെ വരാൻ തയ്യാറാണെന്ന് അദ്ദേഹം ഈയിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.