ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ ഒരു വിജയം നേടിയിരുന്നു. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ എന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയിട്ടുള്ളത്. നിർണായകമായ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
മത്സരത്തിന്റെ ആദ്യപകുതിയിൽ മുഹമ്മദൻസ് പെനാൽറ്റിയിലൂടെ ലീഡ് എടുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പെപ്രയും ജീസസും നേടിയ ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ സോം കുമാർ നടത്തിയ സേവ് കൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ആദ്യപകുതിയിൽ മോശം പ്രകടനവും രണ്ടാം പകുതിയിൽ മികച്ച പ്രകടനവുമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.
ഈ മത്സരത്തിനിടക്ക് കുറച്ചുനേരം കളി നിർത്തി വെക്കേണ്ടി വന്നിരുന്നു. അതിന്റെ കാരണം മുഹമ്മദൻസ് ആരാധകർ തന്നെയായിരുന്നു. റഫറി പെനാൽറ്റി നൽകിയില്ല എന്ന് ആരോപിച്ചു കൊണ്ടാണ് ആരാധകർ അക്രമാസക്തരായത്.പലവിധ സാധനങ്ങളും അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് റഫറി മത്സരം നിർത്തിവെക്കുകയായിരുന്നു.പിന്നീട് ആരാധകർ ശാന്തരായതിനുശേഷമാണ് മത്സരം പുനരാരംഭിച്ചത്.
മുഹമ്മദൻ എസ്സി ഫാൻസ് ക്ലബ്ബിന്റെ ഭാരവാഹികൾ ആവശ്യപ്പെട്ടതിനുശേഷമായിരുന്നു കാണികൾ ശാന്തരായത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഗോൾ ആഘോഷിക്കുന്ന സമയത്താണ് അവർ പലവിധ വസ്തുക്കളും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ എറിഞ്ഞിട്ടുള്ളത്. കുപ്പികളും കല്ലുകളും ഒക്കെയാണ് അവർ അറിഞ്ഞിട്ടുള്ളത്. അതിന്റെ വീഡിയോ പുറത്തേക്ക് വരികയും ചെയ്തിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇക്കാര്യത്തിൽ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.ഉടൻതന്നെ ഇക്കാര്യത്തിൽ ഒരു കടുത്ത നടപടി എടുക്കണം എന്നാണ് മഞ്ഞപ്പട ആവശ്യപ്പെട്ടിട്ടുള്ളത്.ആരാധകരുടെ സുരക്ഷ നോക്കണമെന്നും ഇത്തരം ആക്രമണങ്ങൾക്ക് ഫുട്ബോളിൽ ഇടമില്ല എന്നും മഞ്ഞപ്പട പറഞ്ഞിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയുള്ള ആക്രമണങ്ങളിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഉയരുന്നത്.