ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം രണ്ട് ഗോളുകൾ നേടി കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്.
ആദ്യ മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ പരാജയപ്പെട്ടത് ക്ഷീണം ചെയ്ത കാര്യമായിരുന്നു. പതിനേഴായിരത്തോളം ആരാധകരായിരുന്നു അന്ന് മത്സരം വീക്ഷിക്കാൻ എത്തിയിരുന്നത്.ഈ മത്സരത്തിൽ മുഴുവൻ കപ്പാസിറ്റി ഉണ്ടായതിനാൽ 25000 ത്തോളം ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 24911 ആരാധകരാണ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ചുനോക്കുമ്പോൾ കുറവാണെങ്കിലും ടീം വിജയിച്ചതുകൊണ്ട് ഇനി വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മത്സരശേഷം ആരാധകരെ കുറിച്ച് സംസാരിക്കാൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറേ സമയം കണ്ടെത്തിയിട്ടുണ്ട്. ആരാധകർ ഉണ്ടാകുമ്പോൾ വിജയിക്കാൻ എളുപ്പമാണെന്നും കൂടുതൽ ആരാധകരെ പ്രതീക്ഷിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്റ്റാറേയുടെ വാക്കുകൾ പരിശോധിക്കാം.
‘ ഇത്രയധികം ആരാധകരുടെ പിന്തുണ ഉണ്ടാകുമ്പോൾ വിജയിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്.കൂടുതൽ ആരാധകരുടെ സപ്പോർട്ട് വരുന്ന മത്സരങ്ങളിൽ ഞാൻ പ്രതീക്ഷിക്കുന്നു ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് കൊണ്ട് തന്നെ സ്റ്റേഡിയത്തിലേക്ക് എത്താൻ ആരാധകർക്ക് മടി ഉണ്ടായിരുന്നു. എന്നാൽ വരുന്ന മത്സരങ്ങളിൽ അത് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്.വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ബംഗളൂരു, ജംഷഡ്പൂർ, പഞ്ചാബ് എന്നിവരാണ് 6 പോയിന്റ് വീതം നേടി കൊണ്ട് മുൻപന്തിയിൽ തുടരുന്നത്.