കാശുകൊടുത്ത് വരുന്നവർ അല്ലേ,ആരാധകർക്ക് വിമർശിക്കാനുള്ള അവകാശമുണ്ട്: ഐമൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിന് കിക്കോഫ് മുഴങ്ങാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് ബാക്കി. പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30ന് കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക. വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇന്നത്തെ മത്സരത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മലയാളി താരമായ മുഹമ്മദ് ഐമൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സമീപകാലത്ത് ഒക്കെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഐമൻ.ഈ മത്സരത്തിന് മുന്നോടിയായി മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് താരം അഭിമുഖം നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമായിട്ടുണ്ട്.

ക്ലബ്ബിനെ വിമർശിക്കാൻ ആരാധകർക്ക് അവകാശമുണ്ട് എന്നാണ് ഈ മലയാളി താരം പറഞ്ഞിട്ടുള്ളത്. കാശുകൊടുത്ത് കളി കാണാൻ വരുന്നവരാണ് ആരാധകരെന്നും അതുകൊണ്ടുതന്നെ വിമർശനങ്ങൾ അവരുടെ അവകാശമാണ് എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. സമീപകാലത്ത് ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.

വിമർശനങ്ങൾ ഇല്ലാതാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചുകൊണ്ട് മുന്നേറേണ്ടതുണ്ട്. അതേസമയം പുതിയ പരിശീലകനായ സ്റ്റാറേയും പഴയ പരിശീലകനായ ഇവാൻ വുക്മനോവിച്ചും തമ്മിൽ സാമ്യതകൾ ഉണ്ടെന്നും ഈ താരം വ്യക്തമാക്കിയിട്ടുണ്ട്.രണ്ട് പേരും ഹൈപ്രസ്സിംഗ് അവകാശപ്പെടുന്ന പരിശീലകരാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യത്തെ ഐഎസ്എൽ മത്സരമാണ് ഇത്. പഞ്ചാബിനെ ഒരു കാരണവശാലും വിലകുറച്ച് കാണാൻ സാധിക്കില്ല.ഡ്യൂറന്റ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. കഴിഞ്ഞ തവണ സീസണിൽ കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയവർ കൂടിയാണ് പഞ്ചാബ് എഫ്സി.

Kerala BlastersMohammed Aimen
Comments (0)
Add Comment