കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചിലവഴിച്ചു കൊണ്ടാണ് അവർ വരുന്നത്, അവർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ് കിരീടം നേടണം: സോം കുമാർ
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞു.ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. മൂന്ന് തവണയാണ് ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്. ഇതുവരെ ഐഎസ്എൽ കപ്പോ ഷീൽഡോ നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. ഡ്യൂറന്റ് കപ്പോ സൂപ്പർ കപ്പോ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്വന്തമാക്കിയിട്ടില്ല. മാത്രമല്ല ഐഎസ്എല്ലിൽ കളിക്കുന്ന ടീമുകളിൽ ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത ഏക ക്ലബ്ബായി ബ്ലാസ്റ്റേഴ്സ് മാറുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. എന്നാൽ ഒരു തവണ പോലും കിരീടം ആഘോഷിക്കാനുള്ള ഒരു ഭാഗ്യം ഈ ആരാധകർക്ക് ഉണ്ടായിട്ടില്ല.അക്കാര്യത്തിൽ ആരാധകരും കടുത്ത നിരാശരാണ്.കിരീടം ഏറ്റവും കൂടുതൽ അർഹിക്കുന്നത് ഈ ആരാധകർ തന്നെയാണ്.ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഗോൾ കീപ്പറായ സോം കുമാറും അക്കാര്യം ശരിവെച്ചിട്ടുണ്ട്.
ആരാധകർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ് കിരീടം നേടേണ്ടതുണ്ട് എന്നാണ് ഈ യുവതാരം പറഞ്ഞിട്ടുള്ളത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചെലവഴിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ മത്സരങ്ങൾ വീക്ഷിക്കാൻ വരുന്നതെന്നും സോം പറഞ്ഞിട്ടുണ്ട്. നേരത്തെ കെബിഎഫ്സി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സോമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഈ സീസണിലെ ഞങ്ങളുടെ ലക്ഷ്യം കിരീടം നേടുക എന്നുള്ളത് തന്നെയാണ്.കാരണം ആരാധകർ അത് അർഹിക്കുന്നുണ്ട്.അവർ വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ചെലവഴിച്ചു കൊണ്ടാണ് ഞങ്ങളെ സപ്പോർട്ട് ചെയ്യാൻ വരുന്നത്. ഓൾമോസ്റ്റ് എല്ലാ മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിക്കും. അവർക്ക് വേണ്ടിയാണ് ഞങ്ങൾ കിരീടം നേടേണ്ടത് ‘ഇതാണ് സോം പറഞ്ഞിട്ടുള്ളത്.
ഒരു ഭേദപ്പെട്ട തുടക്കം മാത്രമാണ് ഈ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളത്. വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരങ്ങൾ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഗോൾകീപ്പർ സച്ചിൻ സുരേഷ് ഇപ്പോൾ മോശം പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ സോമിനെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം വളരെ ശക്തമാണ്.