ട്രോഫികൾ.. തീർച്ചയായും വരും: ആരാധകരോട് വിശദീകരിച്ച് സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ 10 സീസണുകളിലും ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്. കൂടാതെ പല ടൂർണമെന്റുകളിലും ക്ലബ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഒരു കിരീടം പോലും ഷെൽഫിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
ഡ്യൂറന്റ് കപ്പ് ഇത്തവണ സ്വന്തമാക്കിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് തനിച്ചാവുകയായിരുന്നു. അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മേജർ ട്രോഫി പോലും നേടാൻ സാധിക്കാത്ത ഏക ക്ലബ്ബായി കൊണ്ട് ബ്ലാസ്റ്റേഴ്സ് മാറി.ഈ കാര്യങ്ങളിൽ ഒക്കെ തന്നെയും ആരാധകർക്ക് ക്ലബ്ബ് മാനേജ്മെന്റിനോട് വലിയ എതിർപ്പുണ്ട്.അവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവശ്യമുള്ളത് കിരീടങ്ങൾ മാത്രമാണ്. അതിനുവേണ്ടി അവർ മുറവിളി കൂട്ടുന്നുണ്ട്. പുതിയ പരിശീലകനായ സ്റ്റാറെക്ക് ഈ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഇന്നലെ നടന്ന മീഡിയ ഡേയിൽ കിരീടങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിച്ചിട്ടുണ്ട്.ട്രോഫികൾ തീർച്ചയായും വരും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
‘ട്രോഫികൾ..തീർച്ചയായും വരും.ആ സ്വപ്നം ഞങ്ങൾ എല്ലാവരുടേതുമാണ്. പക്ഷേ ആദ്യ പരിഗണന മത്സരത്തിലാണ്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾക്കാണ്.എല്ലാ താരങ്ങളെയും ഏറ്റവും മികച്ച രൂപത്തിൽ മാറ്റിയെടുക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ജോലി ‘ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
ഇനി ഈ സീസണിൽ മൂന്ന് കിരീട സാധ്യതകളാണ് ക്ലബ്ബിന് മുന്നിൽ അവശേഷിക്കുന്നത്.ഐഎസ്എൽ കപ്പ്,ഐഎസ്എൽ ഷീൽഡ്,സൂപ്പർ കപ്പ് എന്നിവയാണ് അത്. ഇതിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ സംതൃപ്തരായിരിക്കും.