ആശാനെയും പിള്ളേരെയും ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്: ഓർമ്മകൾ അയവിറക്കി ആരാധകർ
കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 8 മത്സരങ്ങൾ പിന്നിട്ടപ്പോൾ പോയിന്റ് പട്ടികയിൽ 10 സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ വളരെയധികം ദേഷ്യത്തിലാണ്.അതേപോലെ ക്ലബ്ബ് മാനേജ്മെന്റിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി.
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ആരാധകർ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.കാരണം മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന പല ഇന്ത്യൻ താരങ്ങളും ശരാശരി താരങ്ങൾ മാത്രമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യതയെങ്കിലും നേടിയിരുന്നു. ഇത്തവണ അതും നേടാൻ കഴിയില്ലേ എന്ന ആശങ്ക ആരാധകർക്കിടയിൽ ഇപ്പോൾ തന്നെ പിറവിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാധകരുടെ പ്രിയപ്പെട്ട ഇവാനാശാനാണ്.ഒരുതവണ ഫൈനലിലും എത്തി. പരിമിതികൾ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ടീമിനെ നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ഇവാന് കഴിഞ്ഞിരുന്നു. മാത്രമല്ല കൊച്ചിയിലെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ താരങ്ങളായ ലെസ്ക്കോവിച്ച്,ജീക്സൺ,സഹൽ എന്നിവരൊക്കെ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇവാൻ ആശാനെ ആരാധകർ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. അത് എക്സിലെ പോസ്റ്റുകളിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നുണ്ട്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നാണ് പലരും എക്‌സിൽ പങ്കുവെച്ചിട്ടുള്ളത്. പ്രതിരോധത്തിലെ മോശം പ്രകടനം കാണുമ്പോൾ ലെസ്ക്കോവിച്ചിന്റെ വിടവാണ് ആരാധകർ ശരിക്കും അറിയുന്നത്. മധ്യനിരയിൽ ജീക്സൺ ഇല്ലാത്തതിന്റെ വിലയും ആരാധകർക്ക് മനസ്സിലാകുന്നുണ്ട്.
സ്റ്റാറേക്ക് കീഴിൽ കൊച്ചിയിൽ പോലും പരാജയപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണാൻ കഴിയുന്നത്. ഇത്രയും പരിതാപകരമായ തുടക്കം ബ്ലാസ്റ്റേഴ്സിന് അങ്ങനെ ഏൽക്കേണ്ടി വരാറില്ല. ഏതായാലും ഇവാൻ ആശാനെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളാണ് എങ്ങും നമുക്ക് കാണാൻ കഴിയുന്നത്.