കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചിട്ടുണ്ട്. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അഭിക് ചാറ്റർജിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പ്രധാനമായും രണ്ട് ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.ഒന്നാമതായി ക്ലബ്ബിന്റെ സ്പോൺസർഷിപ്പ് ഡീലുകൾ കൈകാര്യം ചെയ്യുക എന്നതാണ്.രണ്ടാമതായി ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ആണ്. മികച്ച ഇന്ത്യൻ താരങ്ങളെ കണ്ടെത്തി ക്ലബ്ബിലേക്ക് കൊണ്ടുവരിക എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിൽ തന്നെയാണ് ഉള്ളത്.
കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും വ്യാപകമായ ഒരു പരാതി ഉയർന്നിരുന്നു. അതായത് കസ്റ്റമൈസ്ഡ് ജേഴ്‌സി വാങ്ങിയ ആരാധകർക്കായിരുന്നു പരാതി ഉണ്ടായിരുന്നത്. വലിയ തുക നൽകിക്കൊണ്ട് വാങ്ങിയ ജേഴ്സികളിൽ തങ്ങളുടെ പേര് അച്ചടിച്ചത് വളരെ മോശം ഫോണ്ടിലാണ്.ക്വാളിറ്റി വളരെയധികം കുറവാണ് എന്നാണ് ആരാധകർ ഉന്നയിച്ചിരുന്ന പരാതി.
ഏതായാലും ഈ പരാതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അദ്ദേഹം ഇക്കാര്യത്തിൽ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഫാൻകോഡ് ഷോപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അഭിക് ചാറ്റർജി തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
“കസ്റ്റമൈസ്ഡ് ജേഴ്‌സികളിലെ ഫോണ്ട് പ്രശ്നം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഫാൻ കോഡ് ഷോപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആരൊക്കെയാണോ ഇത് ബാധിച്ചിട്ടുള്ളത് അവർക്ക് വേണ്ട പരിഹാരം അവർ നൽകുന്നതാണ്. കൂടാതെ നല്ല രൂപത്തിൽ ഇനി മുന്നോട്ട് പോവുക തന്നെ ചെയ്യും. നിങ്ങളുടെ ക്ഷമക്കും പരസ്പരധാരണക്കും നന്ദി പറയുന്നു ” ഇതാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.
ഏതായാലും ഇതോടെ ജേഴ്സി വിഷയം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്തരത്തിലുള്ള ഒരു ക്ലാരിറ്റിയാണ് ക്ലബ്ബിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആരാധകർ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇനിമുതൽ അഭിക് ഉണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.