ഈ സീസണിൽ തനിക്ക് രണ്ട് ലക്ഷ്യങ്ങൾ : തുറന്ന് പറഞ്ഞ് അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. തായ്‌ലാൻഡിൽ വച്ച് നടന്ന പ്രീ സീസണിൽ മികച്ച രൂപത്തിൽ കളിക്കുകയും വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആകെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടി എന്നത് പോസിറ്റീവായ ഒരു വശമാണ്.ഇനി ക്വാർട്ടർ ഫൈനലിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പതിവുപോലെ കളം നിറഞ്ഞ് കളിക്കുന്നുണ്ട്.ഇതുവരെ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും കളിക്കളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് മനസ്സിലാകും. പല മുന്നേറ്റങ്ങൾക്ക് പുറകിലും ലൂണയാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ പകുതിക്ക് വെച്ച് ലൂണയെ നഷ്ടമായതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ തകിടം മറിഞ്ഞത്.
പ്രധാനമായും ഈ സീസണിൽ രണ്ട് ലക്ഷ്യങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ക്യാപ്റ്റന് ഉള്ളത്. അതിലൊന്ന് പരിക്കുകൾ ഒന്നും പറ്റാതെ ഈ സീസൺ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.മറ്റൊന്ന് ബ്ലാസ്റ്റേഴ്സിനോടൊപ്പം കന്നിക്കിരീടം നേടുക എന്നുള്ളതാണ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ സൂപ്പർ താരം.
എന്റെ ആദ്യത്തെ ലക്ഷ്യം ഈ സീസൺ മുഴുവനും കളിക്കുക എന്നതാണ്.കഴിഞ്ഞ സീസണിൽ എന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.എനിക്ക് ഫിറ്റ് ആവണം.സാധ്യമായ അത്രയും മത്സരങ്ങൾ ഈ സീസണിൽ എനിക്ക് കളിക്കണം.രണ്ടാമത്തെ ലക്ഷ്യം ഞാൻ എപ്പോഴും പറയുന്നത് തന്നെയാണ്. എന്റെയും എന്റെ ടീമിനെയും ലക്ഷ്യം ഒരു കിരീടം നേടണം എന്നുള്ളതാണ്, ഇതാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.
ഡ്യൂറന്റ് കപ്പിൽ ഇനിയുള്ള 3 മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് കീരീടം സ്വന്തമാക്കാൻ കഴിയും. അതോടുകൂടി ആ ശാപം അവസാനിക്കുകയും ചെയ്യും. അതിന് സ്റ്റാറേക്ക് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. പക്ഷേ ഇനിയുള്ള റൗണ്ടുകൾ ഏറെ ബുദ്ധിമുട്ടുള്ളതായിരിക്കും.