മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ ലൂണ വീണില്ല, ബ്ലാസ്റ്റേഴ്സിന്റെ മൾട്ടി ഇയർ ഓഫർ സ്വീകരിച്ച് അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയായിരുന്നു അവസാനിച്ചിരുന്നത്.ഈ കരാർ പുതുക്കാത്തതിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഇതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷൻ ഓപ്ഷൻ ട്രിഗർ ചെയ്തത്. ഇതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ട് ഓട്ടോമാറ്റിക്കായി പുതുക്കപ്പെട്ടു. അടുത്ത വർഷവും ലൂണ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു.
പക്ഷേ ഈ സമയത്താണ് രണ്ട് ക്ലബ്ബുകൾ രംഗപ്രവേശനം ചെയ്യുന്നത്.മുംബൈ സിറ്റി, എഫ്സി ഗോവ എന്നിവർ അഡ്രിയാൻ ലൂണക്ക് ആകർഷകമായ ഓഫറുകൾ നൽകി. രണ്ടോ അതിലധികമോ വർഷത്തെ ഓഫറുകളായിരുന്നു നൽകിയിരുന്നത്.ആകർഷകമായ സാലറിയും ഉണ്ടായിരുന്നു. ഇതോടെ നായകനെ നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതി ആരാധകർക്കിടയിൽ നിലനിന്നു. അവർ ക്ലബ്ബിന്റെ മാനേജ്മെന്റിനെതിരെ വലിയ പ്രതിഷേധമുയർത്തി.
അഡ്രിയാൻ ലൂണയെ നിലനിർത്താൻ സാധ്യമായത് എന്തും ചെയ്യണമെന്ന് ആരാധകർ ക്ലബ്ബിനോട് ആവശ്യപ്പെട്ടു. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രഷറിലായി. പുതിയ ഓഫർ ലൂണക്ക് നൽകാൻ അവർ നിർബന്ധിതരായി. അങ്ങനെയാണ് രണ്ടുവർഷത്തെ ഒരു പുതിയ ഓഫർ ലൂണക്ക് കേരള ബ്ലാസ്റ്റേഴ്സ് നൽകുന്നത്. ഇതിന് പുറമേ ഒരു വർഷത്തേക്ക് കൂടി കോൺട്രാക്ട് പുതുക്കാനുള്ള ഓപ്ഷൻ അതിൽ ഉണ്ടായിരുന്നു. അതായത് മൂന്നുവർഷത്തേക്കുള്ള ഒരു ലോങ്ങ് ടൈം ഓഫറാണ് കേരള ബ്ലാസ്റ്റേഴ്സ് ലൂണക്ക് നൽകിയത്.
ഈ ഓഫറിൽ താരം സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സ്വീകരിച്ചുകൊണ്ട് കോൺട്രാക്ട് പുതുക്കാൻ ലൂണ തയ്യാറായി എന്നുള്ള കാര്യം IFT ന്യൂസ് മീഡിയ ഇപ്പോൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.ലൂണക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു ലോങ്ങ് ടൈം ഓഫറായിരുന്നു വേണ്ടിയിരുന്നത്.അത് ലഭിച്ചതോടെ അദ്ദേഹം സംതൃപ്തനായി.മറ്റുള്ള ക്ലബ്ബുകളുടെ പ്രലോഭനങ്ങളിൽ അദ്ദേഹം വീണതുമില്ല.
അതായത് അടുത്ത മൂന്ന് വർഷത്തേക്ക് ലൂണ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.ഇത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്.ലൂണയുടെ കോൺട്രാക്ട് പുതുക്കിയ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനി ദിമിയെ കൂടി നിലനിർത്തണമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ക്ലബ്ബിനോട് ആവശ്യപ്പെടുന്നത്.