കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ പുതിയ സീസണിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ സീസണിലേക്കാണ്.ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തങ്ങളുടെ സ്‌ക്വാഡ് പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇനിയും ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ നടത്താൻ ബാക്കിയുണ്ട്.
ചുരുങ്ങിയത് ഒരു കിരീടം എങ്കിലും നേടുക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.കാരണം ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ആ കണക്ക് തിരുത്തി കുറിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആയിരിക്കും ബ്ലാസ്റ്റേഴ്സ് നടത്തുക.ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ ആവാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ലൂണ പറഞ്ഞിരുന്നത്.
പുതിയ അഭിമുഖത്തിൽ ലൂണയോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് ഈ സീസണിൽ നൽകുന്ന വാക്ക് എന്താണ് എന്നായിരുന്നു ചോദ്യം. വാക്കുകൾ നൽകുന്നതിൽ അർത്ഥമില്ലെന്നും എന്തു വേണമെങ്കിലും സംഭവിക്കാമെന്നും ലൂണ പറഞ്ഞിട്ടുണ്ട്.എന്നാൽ ചില ഉറപ്പുകൾ അദ്ദേഹം നൽകിയിട്ടുണ്ട്.ലൂണയുടെ വാക്കുകളിലേക്ക് പോവാം.
ഫുട്ബോളിൽ വാക്ക് തരുക എന്നുള്ളത് തന്നെ ഒരു നുണക്ക് സമാനമാണ്. കാരണം എന്തുവേണമെങ്കിലും ഫുട്ബോളിൽ സംഭവിക്കാം. പക്ഷേ ആരാധകർക്ക് ഞാൻ ഉറപ്പു നൽകുന്നു. ഞങ്ങൾ പറയുന്നതെല്ലാം കളിക്കളത്തിൽ പ്രവർത്തിച്ചു കാണിക്കും. ഒരു പന്തുപോലും കൈവിടാൻ ആഗ്രഹമില്ലാത്ത ഒരു ടീമാണ് ഞങ്ങൾ. ഹൈ പ്രസ്സ് ആയാലും ലോ ബ്ലോക് ആയാലും ടീം ഒരു ഓർഡറോട് കൂടിയാണ് കളിക്കുക. എല്ലാ കളിയും വിജയിക്കാൻ ആഗ്രഹിക്കുന്ന വളരെ അഗ്രസീവായ ഒരു ടീമാണ് ഞങ്ങൾ,ഇതാണ് ബ്ലാസ്റ്റേഴ്സ് നായകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും എന്നുള്ള ഒരു ഉറപ്പാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്.വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.കാരണം മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഒക്കെ ഇപ്പോൾ അതിശക്തരാണ്. കടുത്ത പോരാട്ടം തന്നെ ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കേണ്ടി വന്നേക്കും.