അഡ്രിയാൻ ലൂണയുടെ സർജറി പൂർത്തിയായി,കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലായത് ആരാധകരെ വല്ലാതെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന കഴിഞ്ഞ ട്രെയിനിങ് സെഷനിടെയാണ് അഡ്രിയാൻ ലൂണക്ക് തന്റെ ഇടത് കാൽ മുട്ടിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ സർജറി ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. അതിനുവേണ്ടി ലൂണ മുംബൈയിൽ എത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അതിന്റെ കൂടുതൽ വിവരങ്ങൾ ഖേൽ നൗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ലൂണയുടെ സർജറി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. അത് വിജയകരമായി തന്നെയാണ് പൂർത്തിയായിട്ടുള്ളത്.OATS സർജറിയാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.താരത്തിന് ഇതിൽ നിന്നും റിക്കവറി ആവാൻ നാല് ആഴ്ചയാണ് വേണ്ടത്.
എന്നാൽ ഈ നാല് ആഴ്ചകൾ കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. അതിനുശേഷം റിഹാബിലിറ്റേഷൻ പിരിയഡ് ആണ്. അതായത് മൂന്ന് മാസത്തോളം ഈ പരിക്കിൽ നിന്നും പൂർണമായും മുക്തനാവാൻ ലൂണക്ക് ആവശ്യമാണ് എന്ന് തന്നെയാണ് ഖേൽ നൗ ഇപ്പോൾ പറഞ്ഞുവെക്കുന്നത്. അതിനർത്ഥം ഈ സീസണിൽ ഇനി ലൂണ കളിക്കാൻ സാധ്യതയില്ല.ഈ സീസൺ അദ്ദേഹത്തിന് നഷ്ടമാവാൻ ഉള്ള സാധ്യതകളാണ് ഇപ്പോൾ കാണുന്നത്.
പ്രതീക്ഷിച്ചതിലും നേരത്തെ പരിക്കിൽ നിന്നും അദ്ദേഹം റിക്കവർ ആവുകയാണെങ്കിൽ ഒരുപക്ഷേ ഈ സീസൺ കളിക്കാൻ സാധ്യതയുണ്ട്. എന്നാൽ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ പകരമായി കൊണ്ട് ആരെയെങ്കിലും കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ലൂണയോളം മികവുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്. തങ്ങളുടെ ടീമിന്റെ എല്ലാമെല്ലാമായിരുന്ന താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.9 മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി നിർണായകപ്രകടനം നടത്തിയിരുന്നത് ലൂണ തന്നെയായിരുന്നു.അദ്ദേഹത്തിന്റെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന്റെ അഭാവം നിഴലിച്ചു കണ്ടിരുന്നു. വരാനിരിക്കുന്ന മത്സരങ്ങൾ ലൂണ ഇല്ലാതെ കളിക്കുക എന്നത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.