കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ ക്ലബ്ബിനുവേണ്ടി ഇനി ഈ സീസണിൽ കളിക്കില്ല.അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. സർജറി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ വിശ്രമിക്കുകയാണ്. ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാനാവില്ല എന്നത് പരിശീലകൻ തന്നെയായിരുന്നു വ്യക്തമാക്കിയിരുന്നത്. പകരമാണ് കേരള ബ്ലാസ്റ്റേഴ്സ് ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നത്.
അദ്ദേഹത്തിന്റെ അഭാവം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അവസാനമായി കളിച്ച നാലുമത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അപ്പോൾ തന്നെ അദ്ദേഹത്തിന്റെ അഭാവം എത്രത്തോളം വലുതാണ് എന്നത് വ്യക്തമാകും. അതിനേക്കാൾ വലിയ ആശങ്ക ലൂണയുടെ കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.എന്തെന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.
ഈ സീസൺ അവസാനിക്കുന്നത് വരെയാണ് ലൂണക്ക് ക്ലബ്ബുമായി കോൺട്രാക്ട് ഉള്ളത്.മുംബൈക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്ന റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. എന്നാൽ ഒരു മാധ്യമം ലൂണയുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ലൂണ കേരള ബ്ലാസ്റ്റേഴ്സ്മായുള്ള തന്റെ കോൺട്രാക്ട് പുതുക്കി എന്നായിരുന്നു വാർത്ത.മൂന്ന് വർഷത്തേക്ക് കോൺട്രാക്ട് പുതുക്കി എന്നും വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ഉണ്ട് എന്നായിരുന്നു ഇവരുടെ റിപ്പോർട്ടുകൾ.
ഇത് പ്രകാരം 2027 വരെ ലൂണ ക്ലബ്ബിൽ തുടരുമെന്നും ഇവർ അറിയിച്ചു.ഇതോടെ ആരാധകരുടെ ആശങ്ക നീങ്ങിയിരുന്നു. പക്ഷേ ഇത് പച്ചക്കള്ളമാണ് എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോ മുന്നോട്ടു വന്നിട്ടുണ്ട്.ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഇദ്ദേഹം.
ലൂണ കോൺട്രാക്ട് പുതുക്കിയ എന്ന ചോദ്യത്തിന് ഇതുവരെയുള്ള തന്റെ അറിവ് വെച്ച് ലൂണ പുതിയ കരാറിൽ ഒപ്പ് വെച്ചിട്ടില്ല എന്നാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ കോൺട്രാക്ട് പുതുക്കിക്കൊണ്ട് ഈ ആശങ്കകൾ നീക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ലൂണയെ കൂടാതെ ദിമിയുടെ കോൺട്രാക്ടും അവസാനിക്കുന്നുണ്ട്.മോശം പ്രകടനമാണ് ഇപ്പോൾ ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ഈ സീസണിലെ പുരോഗതിയെ അനുസരിച്ചായിരിക്കും താരങ്ങളുടെ ഭാവി നിർണയിക്കപ്പെടുക.