മുംബൈയിൽ നിന്ന് മാത്രമല്ല, മറ്റൊരു മികച്ച ഓഫർ കൂടി ലൂണക്ക് ലഭിച്ചിട്ടുണ്ട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ കാര്യത്തിലുള്ള സംശയങ്ങൾ ഇനിയും തീർന്നിട്ടില്ല. അതായത് അദ്ദേഹത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നില്ല. ക്ലബ്ബിന്റെ ഡയറക്ടറായ നിഖിൽ ഇക്കാര്യം എക്‌സിലൂടെ അറിയിച്ചിരുന്നു. പക്ഷേ പ്രശ്നം എന്തെന്നാൽ ലൂണയുടെ മനസ്സിലുള്ളത് എന്താണെന്ന് വ്യക്തമായിട്ടില്ല. അദ്ദേഹം ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നുള്ളതിന്റെ വ്യക്തത അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ലഭിക്കേണ്ടത്.
താരത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി ക്ലബ്ബ് ദീർഘിപ്പിച്ചിട്ടുണ്ട്.ലൂണ എങ്ങോട്ടും പോകുന്നില്ല എന്നായിരുന്നു ഡയറക്ടർ പറഞ്ഞിരുന്നത്. പക്ഷേ ലൂണക്ക് ഓഫറുകൾ നൽകിക്കൊണ്ട് കാത്തിരിക്കുകയാണ് ക്ലബ്ബുകൾ. ഒരുപാട് ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് താരത്തിന് ഓഫറുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈ സിറ്റി തന്നെയാണ്.അവർ താരത്തിന് ആകർഷകമായ ഓഫർ നൽകിയിട്ടുണ്ട്.
ഇതിനുപുറമേ മറ്റൊരു ക്ലബ്ബ് കൂടി ഓഫറുമായി അഡ്രിയാൻ ലൂണയെ സമീപിച്ചിട്ടുണ്ട്.എഫ്സി ഗോവയാണ് ആ ക്ലബ്ബ്.അവർക്ക് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ട് നേരത്തെ വന്നിരുന്നുവെങ്കിലും ഓഫർ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ ഓഫർ നൽകിയെന്ന് ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ലൂണ ഈ രണ്ടു ഓഫറുകളോടും പ്രതികരിച്ചിട്ടില്ല.അതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.
താരം ഓഫറുകൾ തള്ളിക്കളഞ്ഞാൽ അത് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരിക്കും.പക്ഷേ ഒരു ഫൈനൽ ഡിസിഷൻ എടുക്കാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ബ്ലാസ്റ്റേഴ്സിൽ പുതുതായി എത്തുന്ന പരിശീലകനെ ആശ്രയിച്ചു കൊണ്ടായിരിക്കും ലൂണ തീരുമാനമെടുക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.ലൂണ ക്ലബ്ബിൽ തുടരും എന്നുള്ള പ്രതീക്ഷകൾ ബ്ലാസ്റ്റേഴ്സ് ഫാൻസിനുണ്ട്.പക്ഷേ ദിമിയുടെ കാര്യത്തിൽ പലർക്കും ആ പ്രതീക്ഷകൾ നഷ്ടമായി തുടങ്ങിയിട്ടുണ്ട്.
പരിക്ക് കാരണം ലൂണക്ക് ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു.അതോടുകൂടിയാണ് ക്ലബ്ബിന്റെ താളം തെറ്റിയത്. അദ്ദേഹത്തിന്റെ കൈവിട്ടാൽ വലിയ വില നൽകേണ്ടിവരും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ആരാധകർ നൽകുന്ന മുന്നറിയിപ്പ്.