2021 ജൂലൈ ഇരുപത്തിരണ്ടാം തീയതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഉറുഗ്വൻ മജീഷ്യൻ അഡ്രിയാൻ ലൂണയെ സൈൻ ചെയ്തത്.മികവാർന്ന പ്രകടനം കൊണ്ട് വളരെ കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി. ആദ്യ സീസണിലും രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായി മാറാൻ ഈ താരത്തിന് കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ലൂണ വന്നിട്ട് ഇപ്പോൾ കൃത്യം രണ്ടു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.45 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി ആകെ അദ്ദേഹം കളിച്ചത്.അതിൽ നിന്ന് 11 ഗോളുകളാണ് അദ്ദേഹം നേടിയത്.13 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.ഈ കാലയളവിൽ ഇത്രയേറെ ഇമ്പാക്ട് ഉണ്ടാക്കിയ മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ്. ഗോളടിക്കുന്നതിലും ഗോൾ അടിപ്പിക്കുന്നതിലും ലൂണ നമ്പർ വണ്ണായിരുന്നു.
രണ്ടുവർഷം പൂർത്തിയായ വേളയിൽ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരണമെന്നുള്ള ആഗ്രഹം ഇപ്പോൾ ലൂണ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇനിയും ഒരുപാട് വർഷക്കാലം ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ആശംസിക്കുകയും ചെയ്യുന്നു, ഇതായിരുന്നു ലൂണ പറഞ്ഞത്.ഇത് കേരള ബ്ലാസ്റ്റേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. താൻ വെറുതെ പറയുന്നതല്ല എന്ന് ലൂണ പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിക്കുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണിത്.ലൂണ അത്ര പെട്ടെന്നൊന്നും ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല.താരം ഒരുപാട് വർഷക്കാലം ക്ലബ്ബിനോടൊപ്പം ഉണ്ടാവാൻ തന്നെയാണ് ആരാധകർ അതിയായി ആഗ്രഹിക്കുന്നത്.