അഡ്രിയാൻ ലൂണ മുംബൈയിൽ,ബ്ലാസ്റ്റേഴ്സ് ഒന്നും പറയുന്നില്ല: മാർക്കസ് മർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ഏറെ തിരിച്ചടികൾ ഏൽപ്പിക്കുന്ന വാർത്തയായിരുന്നു ഇന്നലെ പുറത്തേക്ക് വന്നിരുന്നത്.അഡ്രിയാൻ ലൂണയുടെ പരിക്ക് ഗുരുതരമാണ്.അദ്ദേഹത്തിന് സർജറി ആവശ്യമാണ്.സർജറിക്ക് ശേഷം അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങും. ചുരുങ്ങിയത് മൂന്നുമാസം എങ്കിലും അദ്ദേഹം പുറത്തിരിക്കേണ്ടി വരും.
അതുകൊണ്ടുതന്നെ ഈ സീസണിൽ ഇനി ലൂണക്ക് കളിക്കാനാവില്ല എന്നൊക്കെയായിരുന്നു ഇന്നലെ പുറത്തേക്ക് വന്ന റിപ്പോർട്ടുകൾ. ഷൈജു ദാമോദരനായിരുന്നു വിവരങ്ങൾ ആദ്യമായി പങ്കുവെച്ചത്. എന്നാൽ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോ ഇക്കാര്യങ്ങളിൽ തനിക്ക് ലഭിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് താരത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നും വിട്ടു പറയുന്നില്ല എന്നാണ് മർഗുലാവോ പറഞ്ഞിട്ടുള്ളത്.
നിലവിൽ അഡ്രിയാൻ ലൂണ മുംബൈയിലാണ് ഉള്ളത്. അദ്ദേഹം മുംബൈയിലേക്ക് വന്നത് ചികിത്സക്ക് വേണ്ടിയാണോ അതോ സർജറി ചെയ്യാൻ വേണ്ടിയാണോ എന്നത് വ്യക്തമല്ല. കേരള ബ്ലാസ്റ്റേഴ്സുമായി മർഗുലാവോ ബന്ധപ്പെട്ടിരുന്നു. പക്ഷേ ക്ലബ്ബിന്റെ ഇപ്പോഴത്തെ നിലപാട് എന്തെന്നാൽ അവർ ഒന്നും ഇതേക്കുറിച്ച് പറയില്ല എന്നതാണ്,ഇതായിരുന്നു മർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നത്. അതായത് ലൂണയുടെ കാര്യത്തിൽ ഇനിയും കൂടുതൽ വ്യക്തതകൾ വരേണ്ടിയിരിക്കുന്നു.
ലൂണ സർജറിക്ക് വിധേയനാവുകയാണെങ്കിൽ ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടിവരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ട്രെയിനിങ്ങിനിടയാണ് ലൂണക്ക് പരിക്ക് സംഭവിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ഏറ്റവും സുപ്രധാനമായ താരത്തെയാണ് നഷ്ടമായിരിക്കുന്നത്.ലൂണയുടെ അഭാവം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ്.
ഈ സീസണൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ലൂണ പങ്കെടുത്തിട്ടുണ്ട് എന്നത് മാത്രമല്ല മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുമുണ്ട്.മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ അഭാവം ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളെ വല്ലാതെ തളർത്തി കളഞ്ഞിട്ടുണ്ട്.