Yes..! ലൂണയുടെ കാര്യത്തിൽ ആരാധകർ ആഗ്രഹിച്ചത് സംഭവിച്ചുവെന്ന് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നടത്തിയിരുന്നത്.അദ്ദേഹത്തിന്റെ മികവിലാണ് ആദ്യത്തെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് കുതിപ്പ് നടത്തിയിരുന്നത്. 3 ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് മികച്ച രൂപത്തിൽ പോകുന്നതിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി.
ഏറ്റവും ഒടുവിൽ ഒഡീഷക്കെതിരെയുള്ള പ്ലേ ഓഫ് മത്സരത്തിൽ ലൂണ തിരിച്ചെത്തിയിരുന്നു.പക്ഷേ അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തിരുന്നു.എന്നാൽ ഇതിനേക്കാളൊക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക നൽകിയിരുന്നത് ലൂണയുടെ കോൺട്രാക്ട് ആയിരുന്നു.
അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസണോട് കൂടി അവസാനിച്ചിട്ടുണ്ട്.അദ്ദേഹം കരാർ പുതുക്കാതെ ക്ലബ്ബ് വിടുമോ എന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു.ഗോവ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു.ഗോവ താരത്തിന് ഓഫർ നൽകി എന്നുള്ള വാർത്ത ആരാധകരുടെ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ലൂണയുടെ കാര്യത്തിൽ ഒരു സന്തോഷവാർത്ത ഇപ്പോൾ മാർക്കസ് മെർഗുലാവോ പുറത്ത് വിട്ടിട്ടുണ്ട്.
അതായത് ലൂണയുടെ കോൺട്രാക്റ്റിൽ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള ഓപ്ഷൻ ലഭ്യമായിരുന്നു.ആ ഓപ്ഷൻ കേരള ബ്ലാസ്റ്റേഴ്സ് ട്രിഗർ ചെയ്തിട്ടുണ്ട്. അതിനർത്ഥം ഓട്ടോമാറ്റിക്കായി അദ്ദേഹത്തിന്റെ കരാർ അടുത്ത ഒരു വർഷത്തേക്ക് പുതുക്കപ്പെട്ടു.ഇനി അടുത്ത സമ്മറിൽ മാത്രമാണ് അദ്ദേഹം ഫ്രീ ഏജന്റാവുക.
ഇതോടെ ലൂണ ക്ലബ്ബ് വിടും എന്ന റൂമറുകൾക്ക് ഇപ്പോൾ വിരാമമായി കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണിലും അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന്റെ ലക്ഷ്യമിട്ട ക്ലബ്ബുകൾക്ക് ഇത് നിരാശ നൽകുന്ന കാര്യമാണ്.