കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ പ്രധാന കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്.കളിച്ച മത്സരങ്ങളിൽ എല്ലാം തന്നെ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുള്ള താരമാണ് ലൂണ. 9 മത്സരങ്ങളിൽ നിന്ന് 7 ഗോൾ കോൺട്രിബ്യൂഷൻസ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് ഗോളുകളും 4 അസിസ്റ്റുകളുമായിരുന്നു അദ്ദേഹം നേടിയിരുന്നത്.
എന്നാൽ പരിക്ക് അദ്ദേഹത്തിന് വില്ലനായി. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം മടങ്ങുകയും ചെയ്തിരുന്നു.കഴിഞ്ഞദിവസം മുംബൈയിൽ അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിൽ നിന്നും റിക്കവർ ആകുന്ന പ്രക്രിയ അദ്ദേഹം തുടരുകയാണ്.ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല എന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.
ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ ലൂണയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് പരിശീലകൻ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ടീമിനോടൊപ്പം ചേർന്നുകൊണ്ട് റിക്കവറി പ്രോസസ് അഡ്രിയാൻ ലൂണ നടത്തുമെന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. മാത്രമല്ല നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്.കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരം വീക്ഷിക്കാൻ വേണ്ടിയും ടീമിനെ പിന്തുണക്കാൻ വേണ്ടിയും ലൂണ നാളെ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാർച്ച് മാസത്തിൽ അഡ്രിയാൻ ലൂണ കൊച്ചിയിൽ തിരികെയെത്തി ടീമിനോടൊപ്പം ജോയിൻ ചെയ്യും,റിക്കവറി ആയിരിക്കും അദ്ദേഹം സ്റ്റാർട്ട് ചെയ്യുക,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. നാളത്തെ മത്സരത്തിനു വേണ്ടി അദ്ദേഹം കൊച്ചിയിൽ ഉണ്ടാകും എന്നത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുമുണ്ട്.
ലൂണയെ കൂടാതെ പെപ്രയും ഇപ്പോൾ പരിക്ക് മൂലം പുറത്താണ്.ഇവരുടെ അഭാവം തിരിച്ചടി തന്നെയാണ്.കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് പരിശീലകന് തന്നെ വിമർശനങ്ങൾ കേൾക്കാൻ കാരണമായിട്ടുണ്ട്. അതിൽ നിന്നും മുക്തരാവണമെങ്കിൽ നാളെ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയം നിർബന്ധമാണ്.