മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിനെ പരിശീലകനായി നിയമിച്ചത്. പിന്നീട് നിർണായകമായ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അഡ്രിയാൻ ലൂണയുടെ സൈനിങ് തന്നെയാണ്. ഈ മൂന്ന് വർഷവും മികച്ച പ്രകടനം നടത്തിയ ഏക താരം അഡ്രിയാൻ ലൂണയാണ്.
ഇവാൻ വുക്മനോവിച്ച് ക്ലബ്ബിലേക്ക് കൊണ്ടുവന്ന താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ.വുക്മനോവിച്ച് ഇപ്പോൾ ക്ലബ്ബിനോട് വിട ചൊല്ലിക്കഴിഞ്ഞു. പുതിയ പരിശീലകനാണ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുക.അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെങ്കിലും ലൂണ ക്ലബ്ബിനെ കൈവിടില്ല എന്നുള്ള ഒരു ശുഭപ്രതീക്ഷയിലാണ് ആരാധകർ.
ഇവാൻ വുക്മനോവിച്ചിനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിരിക്കുകയാണ് അഡ്രിയാൻ ലൂണ.ഇവാൻ കാരണമാണ് താൻ ഇന്ത്യയിലും കേരള ബ്ലാസ്റ്റേഴ്സിലും എത്തിയത് എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്. ഒരു പരിശീലകൻ എന്നതിനേക്കാൾ ഉപരി വുക്മനോവിച്ച് ഒരു നല്ല സുഹൃത്തായിരുന്നുവെന്നും ലൂണ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞാൻ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഇവിടേക്ക് എന്നെ കൊണ്ടുവന്ന വ്യക്തിയാണ് ഇവാൻ വുക്മനോവിച്ച്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ കാരണക്കാരനായത് അദ്ദേഹം തന്നെയാണ്. ഒരു പരിശീലകൻ എന്നതിനേക്കാൾ ഉപരി അദ്ദേഹം ഒരു സുഹൃത്തായിരുന്നു. നമുക്ക് എന്ത് വേണമെങ്കിലും സംസാരിക്കാം. അത്തരത്തിലുള്ള ഒരു പരിശീലകനായിരുന്നു അദ്ദേഹം,ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
പുതിയ പരിശീലകനെ അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ഇവാനേക്കാൾ ഒരു മികച്ച പരിശീലകനെ കൊണ്ടുവരിക എന്ന വെല്ലുവിളിയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. 3 വർഷം പരിശീലിപ്പിച്ചിട്ടും കിരീടങ്ങൾ ഒന്നും ലഭിക്കാത്തതിനാലാണ് ഇവാനും ക്ലബ്ബും വഴി പിരിഞ്ഞത്.