കേരള ബ്ലാസ്റ്റേഴ്സ് ഇനി ജീവൻ മരണ പോരാട്ടത്തിന് വേണ്ടിയാണ് കളിക്കളത്തിലേക്ക് എത്തുന്നത്.പ്ലേ ഓഫ് മത്സരത്തിൽ എതിരാളികൾ മറ്റാരുമല്ല, ഒഡീഷ എഫ്സിയാണ്. 19 ആം തീയതി ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. അതിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിനോട് ഗുഡ് ബൈ പറയാം. അതേസമയം വിജയിച്ചു കഴിഞ്ഞാൽ സെമി ഫൈനലിൽ പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. സെമി ഫൈനലിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഏതായാലും ഒഡീഷക്കെതിരെ വിജയിക്കുക എന്നതിന് മാത്രമാണ് ഇപ്പോൾ ക്ലബ്ബ് പ്രാധാന്യം നൽകുന്നത്. ഈ മത്സരത്തിന് ഒരുങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തി എന്നുള്ളതാണ്.
പരിക്ക് കാലം ദീർഘകാലം പുറത്തായിരുന്ന അഡ്രിയാൻ ലൂണ കുറച്ച് മുന്നേ ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ലൂണയെ കളിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ യെല്ലോ കാർഡ് റിസ്ക് ഉണ്ടായതിനാൽ കളിപ്പിക്കാതിരുന്നതാണ് എന്നുമായിരുന്നു ഇവാൻ വുക്മനോവിച്ച് പറഞ്ഞിരുന്നത്. ഏതായാലും പ്ലേ ഓഫ് മത്സരത്തിൽ ലൂണ ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ട്രെയിനിങ് ക്യാമ്പിൽ വച്ചുകൊണ്ട് ആരാധകർക്ക് ഒരു സന്ദേശം അഡ്രിയാൻ ലൂണ നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.’ തിരിച്ചെത്താൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് ഞങ്ങളുടെ മുന്നിൽ ഉള്ളത്.അതൊരിക്കലും എളുപ്പമാവില്ല.പക്ഷേ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും ‘ ഇതാണ് അഡ്രിയാൻ ലൂണ ആരാധകരോട് പറഞ്ഞിട്ടുള്ളത്.
അഡ്രിയാൻ ലൂണയുടെ വാക്കുകൾ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. കൂടുതൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ദിമി കൂടി കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്താൽ അത് ബ്ലാസ്റ്റേഴ്സിന് പൂർണ്ണ കരുത്ത് പകരുന്ന ഒന്നാവും. കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ വിജയിച്ചിട്ടില്ല എന്ന ഒരു ചീത്തപ്പേര് ബ്ലാസ്റ്റേഴ്സിന് മാറ്റാനുണ്ട്.