ലൂണ തന്നെ രാജാവ്,ഐഎസ്എല്ലിലെ സകല താരങ്ങളെയും കടത്തിവെട്ടി ഒന്നാമൻ,ഇത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കിയ മറ്റൊരു താരമുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മുൻകാല സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ മികച്ച ഒരു തുടക്കം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. 9 മത്സരങ്ങളിൽ നിന്ന് 5 വിജയവുമായി 17 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.രണ്ടാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.
മികച്ച തുടക്കത്തിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച താരങ്ങളിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ്. മികച്ച പ്രകടനമാണ് ലൂണ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം ലൂണ തന്നെയാണ്. സകല താരങ്ങളെയും കടത്തിവെട്ടി ഒന്നാം സ്ഥാനമാണ് ലൂണ ഇപ്പോൾ അലങ്കരിക്കുന്നത്.
9 മത്സരങ്ങളിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങളാണ് ലൂണ സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഈ സൂപ്പർതാരം കരസ്ഥമാക്കിയിട്ടുള്ളത്.അത്രയധികം ഇമ്പാക്ട് തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ചെന്നൈയുടെ ക്രിവല്ലേറോയാണ് വരുന്നത്. എട്ടുമത്സരങ്ങളിൽ നിന്ന് 6 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഡയസ് വരുന്നു.അഞ്ചുമത്സരങ്ങളിൽ നിന്ന് അഞ്ചു ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.
ആദ്യ 10 പേരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ള മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് താരം സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസാണ്. 7 മത്സരങ്ങളിൽ നിന്ന് 5 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. മലയാളി താരമായ സഹൽ പത്താമതാണ് ഈ ലിസ്റ്റിൽ.ആറുമത്സരങ്ങളിൽ നിന്ന് നാല് ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
അതേസമയം നിരന്തരം മത്സരങ്ങൾ കളിക്കുന്നത് ലൂണയെ ശരിക്കും തളർത്തി എന്ന് തോന്നുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ തന്റെ യഥാർത്ഥ നിലവാരത്തിലേക്ക് ഉയരാൻ ഈ നായകന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ആവശ്യമായ വിശ്രമം നൽകേണ്ടതുണ്ട് എന്ന അഭിപ്രായക്കാർ സജീവമാണ്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് മിക്ക മത്സരങ്ങളിലും അദ്ദേഹത്തെ അമിതമായി ആശ്രയിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത് എന്നത് ഒരു വാസ്തവമാണ്.