കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ സുപ്രധാനതാരമായ അഡ്രിയാൻ ലൂണയെ നഷ്ടമായി എന്നുള്ളത് തന്നെയാണ്. പരിക്ക് കാരണം അദ്ദേഹം ദീർഘകാലമായി പുറത്താണ്.
അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.മാർച്ച് പതിനഞ്ചാം തീയതി അദ്ദേഹം ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്തുകൊണ്ട് റിഹാബ് തുടരും എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് അറിയിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.ഇന്നത്തെ മത്സരത്തിൽ മോഹൻ ബഗാനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും.
എന്നാണ് അഡ്രിയാൻ ലൂണ തിരിച്ചെത്തുക? ഈ ചോദ്യം ലൂണയോട് തന്നെ ചോദിക്കപ്പെട്ടിരുന്നു.എന്നാണ് താൻ തിരിച്ചെത്തുക എന്നുള്ളത് കൃത്യമായി പറയാൻ സാധിക്കില്ല എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്.പക്ഷേ പ്ലേ ഓഫ് കളിച്ചേക്കും എന്ന ഒരു സൂചന അദ്ദേഹം നൽകിയിട്ടുണ്ട്. താൻ ഫിറ്റ് ആയിക്കഴിഞ്ഞാൽ പ്ലേ ഓഫ് കളിക്കാൻ ഉണ്ടാകും എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
എന്നാണ് ഞാൻ തിരിച്ചെത്തുക എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുകൾ ഒന്നുമില്ല. എനിക്ക് ഇപ്പോഴും 35 മുതൽ 40 ദിവസങ്ങൾ വരെയുണ്ട്.ഞാൻ ഫിറ്റ് ആണെങ്കിൽ, ഞങ്ങൾ പ്ലേ ഓഫ്ലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ, ഒരുപക്ഷേ എനിക്ക് പ്ലേ ഓഫ് മത്സരം കളിക്കാൻ സാധിച്ചേക്കും.പക്ഷേ അക്കാര്യത്തിൽ ഞാൻ ഉറപ്പുകൾ ഒന്നും നൽകുന്നില്ല.എന്റെ ബോഡി എങ്ങനെ റിയാക്ട് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്.പക്ഷേ എന്റെ ലക്ഷ്യം എന്നുള്ളത് പ്ലേ ഓഫ് കളിക്കുക എന്നതാണ്.അതിന് ആവശ്യമായ എല്ലാം ഞാൻ ചെയ്യും,ഇതാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷകരമായ ഒരു വാർത്തയാണിത്. പ്ലേ ഓഫ് മത്സരത്തിനു വേണ്ടി തിരിച്ചു വരാൻ ലൂണ പരമാവധി ശ്രമിക്കും എന്നുള്ള ഉറപ്പ് അദ്ദേഹം തന്നെ നൽകി കഴിഞ്ഞു.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് ഒട്ടും എളുപ്പമാവില്ല.കാരണം കരുത്തർക്കെതിരെ ആയിരിക്കും കളിക്കേണ്ടി വരിക.